വീട് പണി തുടങ്ങിയാല്‍ പിന്നെ കുന്നോളം സ്വപ്‌നങ്ങളാണ്. നമ്മുടെ ആശയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായിരിക്കും പിന്നീട്. പാരമ്പര്യയും പ്രൗഢിയും വിളിച്ചോതുന്ന വീടുകള്‍ തന്നെ വേണമെന്നാണ് ചിലരുടെ ആഗ്രഹം. നാലുകെട്ടും നടുമുറ്റവും ഉള്ള വീടുകളായിരിക്കും പലരുടെയും സ്വപ്നം. എന്നാല്‍ ആധുനികതയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്നത്തെ തലമുറക്ക് പഴമ നിലനിര്‍ത്തിക്കൊണ്ട് ഒരു നാലുകെട്ട് പണിയുക എന്നത് ശ്രമകരമാണ്. എന്നാല്‍ നടുമുറ്റത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
മുന്‍കൂട്ടി നിശ്ചയിച്ച മോഡേണ്‍ പ്ലാനിന്റെ ഒപ്പമായിരിക്കും പലരും നടുമുറ്റത്തിനുകൂടി ഇടം നല്‍കുന്നത്. ഇത് വീടിന് ദോഷമാണ് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. നാലുകെട്ട് കേരളീയ വാസ്തുശാസ്ത്രത്തിന്റെ ഏറ്റവും മികവാര്‍ന്ന ഉദാഹരമാണ്. ഏറെ കണക്കുകള്‍ ഒപ്പിച്ചു നിര്‍മ്മിച്ചെടുത്ത നാലുകെട്ടിന്റെ ഭാഗമാണ് നടുമുറ്റം. വീടിന്റെ ഒത്ത നടുക്കായി പ്രകാശത്തെ ക്രമീകരിച്ചുകൊണ്ടാണ് നടുമുറ്റം വരുന്നത്. നടുമുറ്റത്തിന്റെ കിഴക്കുഭാഗത്തായി കിഴക്കിനിയും തെക്കുഭാഗത്ത് തെക്കിനിയും പടിഞ്ഞാറ് പടിഞ്ഞാറ്റിനിയും വടക്ക് വടക്കിനിയുമുള്ള നാല് ദിക്ക് ഗൃഹങ്ങള്‍ അഥവാ നാലുകെട്ട് വരണമെന്നാണ് കണക്ക്. എന്നാല്‍ ഇന്നത്തെ മോഡേണ്‍ വീടുകളില്‍ ഇതൊന്നും തന്നെ സാധ്യമല്ല. വാസ്തുശാസ്ത്രപ്രകാരം ഇത് പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
പലപ്പോഴും നൊസ്റ്റാള്‍ജിയയുടെ പേരിലാണ് നടുമുറ്റം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ നടുമുറ്റങ്ങള്‍ക്ക് മഴയെയോ ചൂടിനെയോ ഇടിമിന്നലിനെയോ പ്രതിരോധിക്കാനാകില്ല. പലപ്പോഴും മഴവെള്ളം വരാന്തയിലേക്ക് വീഴുകയും ചെയ്യും. കാലവര്‍ഷം എത്തുന്നതോടെ നടുമുറ്റത്തിലെ വെള്ളം വീഴുന്ന വരാന്ത വൃത്തിയാക്കുന്നത് ഒരു ബാധ്യതയായി മാറുന്നു.
മഴ ആസ്വദിക്കാന്‍ ഒന്നിച്ചിരുന്നു സംസാരിക്കാന്‍ അങ്ങനെ എന്തിനാണോ നമ്മള്‍ നടുമുറ്റം നിര്‍മ്മിക്കുന്നത് അത് നടക്കാതെ വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നടുമുറ്റം ഒരു അനാവശ്യമാണ്. ഒരു സി ഷെയ്പ്പിലുള്ള വീടിലാണെങ്കില്‍ നടുമുറ്റം നിര്‍മ്മിക്കാവുന്നതാണ്. നടുമുറ്റത്തിന്റെ ഫീല്‍ ലഭിക്കുകയും അതോടൊപ്പം നടുമുറ്റത്തിന്റെ ചിലവ് ഇല്ലാതെ വരുകയും ചെയ്യുന്നു.
Post Your Comments