തൃശൂര്‍: ജില്ലാ കലക്ടറുടെ വാഹനത്തിനടക്കം വഴി നല്‍കാതെ വാഹനം ഓടിച്ച ടിപ്പര്‍ ഡ്രൈവര്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ ശിക്ഷ. കഴിഞ്ഞ ദിവസം തൃശൂരിലാണ് സംഭവം. കലക്ടറുടെ വാഹനത്തിനടക്കം ഏഴോളം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെയാണ് ഇരുപത്തിമൂന്നുകാരനായ ഡ്രൈവര്‍ വണ്ടിയോടിച്ചത്. ചേറ്റുപുഴ മുതല്‍ മനക്കൊടി വരെ ഡ്രൈവര്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു.
മന്ത്രിമാരടക്കം എത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു തൃശൂര്‍ കലക്ടര്‍. നിരവധി തവണ ഹോണടിച്ചിട്ടും ടിപ്പര്‍ വഴിമാറി കൊടുത്തില്ല. പിന്നാലെയെത്തിയ മറ്റു വാഹനങ്ങളും ഹോണ്‍മുഴക്കിയെങ്കിലും സൈഡൊതുക്കി നല്‍കാന്‍ ടിപ്പര്‍ ഡ്രൈവര്‍ തയ്യാറായില്ല. ഒടുവില്‍ കലക്ടറുടെ വാഹനം ഒരുവിധം ടിപ്പറിനെ മറികടന്നു നിര്‍ത്തി. തുടര്‍ന്ന കലക്ടര്‍ തന്നെ ഡ്രൈവറെ വിളിച്ചിറക്കി സംസാരിക്കുകയായിരുന്നു.
എന്നാല്‍ വഴി കൊടുക്കാത്തതിന്റെ കാരണമായി യുവാവ് പറഞ്ഞത് അമ്മ ആശുപത്രിയിലാണെന്നാണ്. അങ്ങനെയെങ്കില്‍ വേഗം പോകാനല്ലേ ശ്രമിക്കേണ്ടതെന്ന് കലക്ടര്‍ ചോദിച്ചു. ഒടുവില്‍ ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന ശുചീകരണത്തില്‍ പങ്കാളിയാകാന്‍ യുവാവിനോട് കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണ് യുവാവ് ചെയ്തത്. എന്നാല്‍ പ്രായം പരിഗണിച്ചാണ് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണത്തില്‍ പങ്കാളിയാവാന്‍ നിര്‍ദേശം നല്‍കിയത്. എന്തായാലും തെറ്റു തിരിച്ചറിഞ്ഞ ടിപ്പര്‍ ഡ്രൈവര്‍ ഇന്നലെ നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments