തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന കശുവണ്ടി മോഷണവുമായി ബന്ധപ്പെട്ട് കരാറുകാരന് പിടിവീണു. ഗുരുവായൂർ ക്ഷേത്രം തുലഭാര കൗണ്ടറിൽ നിന്നാണ് കരാറുകാരൻ കശുവണ്ടി മോഷണം നടത്തിയത്. കരാറുകാരൻ മനോജ്, മനോജിന്റെ സഹായി പ്രമോദ് എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. ഇവർക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സെപ്തംബർ 29ന് രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലാണ് സംഭവം നടക്കുന്നത്.
തുലാഭാരം കഴിഞ്ഞ് സ്റ്റോക്ക് ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്ന കാര്യം ക്ലാർക്കിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ക്ലാർക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ദേവസ്വം ഭരണസമിതിയ്ക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. എട്ട് കിലോ ഭാരമുള്ള കുട്ടിയ്ക്ക് തുലാഭാരം നടത്തിയ കശുവണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്ന് കാണാതായത്. വഴിപാടുകാർ തന്നെ കൊണ്ടുവന്നതായിരുന്നു കശുവണ്ടി.
ഭക്തന്മാർ കൊണ്ടുവരുന്ന സാധനങ്ങൾ കൊണ്ട് തുലാഭാരം നടത്തിയാൽ ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തി ക്ഷേത്രം ജീവനക്കാരായ ക്ലാർക്കുമാരുടെ ചുമതലയിൽ ഏൽപ്പിക്കുകയാണ് നടപടിക്രമം. പരാതിക്കിടയായ തുലാഭാരം നടത്തിയതിന്റെ ദ്രവ്യം ക്ഷേത്രം ജീവനക്കാരെ ഏൽപ്പിക്കുകയോ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ ചെയ്യാതെ മാറ്റിവെച്ച് ക്ലാർക്കുമാരുടെ ശ്രദ്ധ പതിയാത്തവിധം ക്ഷേത്ര തുലാഭാര കൗണ്ടറിന് സമീപത്ത് നിന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു. തുലാഭാരം വഴിപാടുകൾ രസീത് അടച്ച് സംഖ്യ വാങ്ങുന്ന ക്ഷേത്രം ഉദ്യോഗസ്ഥരുടെ ശ്രദ്ധ തെറ്റിച്ചാണ് കൃത്യം നടത്തിയത്.
Post Your Comments