Latest NewsIndiaInternational

ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ആഗോള കമ്പനികള്‍ വിലയിരുത്തുന്നത്.

ചൈനീസ് സമ്പദ്‌വ്യവസ്ഥ മുരടിക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുന്നു. പ്രമുഖ ആഗോള കമ്പനികള്‍ ചൈന വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്‍പരം അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ആഗോള കമ്പനികള്‍ വിലയിരുത്തുന്നത്. അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹാര്‍ദ്ദ രാജ്യങ്ങളുടെ മുന്‍ഗണന പട്ടികയിലേക്ക് തിരിച്ചെടുക്കാനുള്ള സാധ്യതയും അവര്‍ മുന്നില്‍ കാണുന്നു.

ഇന്ത്യയിലെ പുതിയ നികുതി നിരക്ക് നിലവില്‍ ചൈന, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്. ഈ സാഹചര്യം മുതലെടുക്കുന്നതിന് ആപ്പിള്‍ ഉള്‍പ്പെടെ ആയിരത്തോളം കമ്പനികള്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ ഇന്ത്യയില്‍ ഈയിടെ നല്‍കിയ കോര്‍പറേറ്റ് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതും ആകര്‍ഷക ഘടകമാണ്. ഇന്ത്യയില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികള്‍ക്ക് കോര്‍പറേറ്റ് ആദായ നികുതി 15 ശതമാനമായി ഈയിടെ കുറച്ചിരുന്നു.നികുതി നിരക്കിലെ ഇളവ് അമേരിക്കന്‍ കമ്പനികള്‍ക്ക് പുറമെ ജാപ്പനീസ് നിര്‍മ്മാതാക്കളെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ചൈനയിലെ മാര്‍ക്കറ്റ് ചുരുങ്ങുന്നതും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വേതനത്തില്‍ ലഭിക്കുന്ന ജോലിക്കാരും ഭൂമിയുടെ കുറഞ്ഞ വിലയുമാണ് ചൈനയെ ആകര്‍ഷക കേന്ദ്രമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് മാറ്റം വന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഷാര്‍പ്, പാനസോണിക് തുടങ്ങിയ കമ്പനികളും തങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍ ചൈനക്ക് പുറത്തേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. കുറഞ്ഞത് 100 കമ്പനികളെങ്കിലും ചൈന വിടുന്നതിന് ഒരുങ്ങുന്നുണ്ട്. ജപ്പാന്‍ വാച്ച്‌ നിര്‍മ്മാതാക്കളായ സിറ്റിസണ്‍ ഈയിടെ ചൈനയിലെ നിര്‍മ്മാണ കേന്ദ്രം പൂട്ടിയിട്ടിരുന്നു.

ആയിരത്തില്‍പരം പേര്‍ക്ക് ഇത് മൂലം ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ചൈനീസ് മാനുഫാക്ചറിംഗ് കമ്പനികള്‍ ഇതുമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മൈക്രോസോഫ്റ്റ് അവരുടെ നോക്കിയ നിര്‍മ്മാണ കേന്ദ്രവും പൂട്ടിയിരുന്നു. 9000 പേര്‍ക്ക് ഇതുമൂലം ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വിയറ്റ്‌നാമില്‍ പുതിയ നിര്‍മ്മാണ കേന്ദ്രം തുറക്കുകയാണ്.അമേരിക്കയില്‍ നടന്ന ഹൗഡി മോദി സമ്മേളനത്തിന്റെ ഫലമായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ കമ്പനികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചതും ഇന്ത്യയ്ക്ക് നേട്ടമാകും.ഇന്ത്യയ്ക്ക് പുറമെ വിയറ്റ്‌നാമും കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button