Latest NewsNewsIndia

ശിശു ഉല്‍പാദക കേന്ദ്രത്തില്‍ നിന്നും രക്ഷപെടുത്തിയത് നിരവധി ഗര്‍ഭിണികളെ; വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടി പോലീസ്

ലാഗോസ്(നൈജീരിയ): ലാഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശു ഉല്‍പാദന കേന്ദ്രത്തില്‍ നിന്നും പോലീസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. ഇവിടങ്ങളില്‍ നവജാത ശിശുക്കളെ വന്‍വിലക്ക് വില്‍ക്കാറുണ്ട്. നൈജീരിയയിലെ വിവിധ ഭാഗങ്ങളിള്‍ ഇത്തരത്തിലുള്ള ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും പ്രാദേശികമായ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് 19 ഗര്‍ഭിണികളെ മോചിപ്പിച്ചത്. 15 നും 28 നും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളെയും നാല് നവജാത ശിശുക്കളെയുമാണ് ഇവിടെ നിന്നും മോചിപ്പിച്ചത്. എന്നാല്‍ രക്ഷപെട്ട യുവതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. തങ്ങളെ നാളുകളായി പീഡിപ്പിച്ച വരികയാണെന്നും ഗര്‍ഭിണിയാകുവാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്നും  മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

ഇവിടെ എത്തുന്നവരില്‍ ഏറിയ പങ്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിക്കൊണ്ട് വരുന്ന യുവതികളാണ്. ഭീഷണിക്ക് വഴങ്ങി മറ്റ് മാര്‍ഗമില്ലാതെയാണ് ഇവര്‍ ഇത്തരം ശിശു ഉല്‍പാദ കേന്ദ്രങ്ങളില്‍ കുടുങ്ങുന്നത്. പലപ്പോഴും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ആശുപത്രിയിലെത്തിക്കാതെയുള്ള ചികിത്സയും കാരണം പലരും മരണപ്പെട്ടതായും രക്ഷപെടുത്തിയവര്‍ പോലീസിനോട് പറഞ്ഞു. കേന്ദ്രം നടത്തിക്കൊണ്ടിരുന്ന പരിശീലനം ലഭിക്കാത്ത രണ്ട് നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി നൈജീരിയന്‍ പോലീസ് വ്യക്തമാക്കി.

ഇവിടെ നിന്നും വില്‍ക്കുന്ന കുട്ടികള്‍ക്ക് 1 ലക്ഷം രൂപ മുതലാണ് ഈടാക്കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഈ കേന്ദ്രത്തില്‍ നിന്നും സ്ത്രീകളെയും വിറ്റിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വാങ്ങുന്നത് ആരാണെന്നത് കണ്ടെത്താന്‍ ഒളിവില്‍ പോയ കേന്ദ്രം നടത്തിപ്പുകാരെ കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു. നൈജീരിയയില്‍ ശിശു ഉല്‍പാദക കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി 160 കുട്ടികളെയാണ് ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുള്ളത്.

രക്ഷപെടുത്തിയ യുവതികളില്‍ പലരെയും ജോലി വാഗ്ദാനം ചെയ്താണ് ശിശു ഉല്‍പാദക കേന്ദ്രത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍ തങ്ങളെ ബലമായി പിടിച്ച് വച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞത്. പീഡനത്തിന് ശേഷം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ലെന്നും ഇരകളാക്കപ്പെട്ടവര്‍ പറയുന്നു. ഗര്‍ഭിണിയാകാനായി ഇതുവരെ ഏഴ് വ്യത്യസ്ത ആള്‍ക്കാരുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് ഇവിടെ നിന്നും രക്ഷപെട്ട ഗര്‍ഭിണികളില്‍ ഒരാള്‍ പറഞ്ഞു. പ്രസവശേഷം വന്‍തുക നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ വില്‍ക്കാന്‍ ശ്രമം നടക്കുന്നത് തിരിച്ചറിഞ്ഞ് കേന്ദ്രത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിന് വേണ്ടരീതിയിലുള്ള ചികിത്സാ സഹായം പോലും നല്‍കാതെ നടത്തിപ്പുകാര്‍ അവശനിലയിലാക്കിയെന്നും ഒരു സ്ത്രീ പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളേയും പോലീസ് സംരക്ഷണയില്‍ പുനരധിവസിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button