ന്യൂഡല്‍ഹി : സമ്പദ് വ്യവസ്ഥ തകര്‍ന്ന് പാപ്പരായ പാകിസ്ഥാന്‍ കശ്മീരിനെ പ്രധാന ആയുധമാക്കി മാറ്റുന്നതിനു പിന്നിലെ സത്യാവസ്ഥ പുറത്തുവന്നു. കശ്മീര്‍ പ്രശ്‌നം പാകിസ്ഥാന്‍ എടുത്തു കാണിയ്ക്കുന്നതിനു പിന്നില്‍ രാജ്യത്തിന്റെ തകര്‍ന്ന സമ്പദ് വ്യവസ്ഥ പുറത്തറിയാതിരിക്കാനാണെന്നാണ് റിപ്പോര്‍ട്ട്. നവാസ് ഷെരീഫിന്റെ ഭരണകാലത്തെ നട്ടെല്ല് തകര്‍ന്ന പാക് സമ്പദ്‌വ്യവസ്ഥയെ അധികാരത്തിലേറിയാല്‍ ഉടന്‍ മെച്ചപ്പെടുത്തി പാകിസ്ഥാനെ പഴയകാല പ്രൗഢിയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 2018 ആഗസ്റ്റില്‍ അധികാരമേറ്റ് വര്‍ഷമൊന്നായിട്ടും പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ മുന്‍ വര്‍ഷത്തേക്കാള്‍ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണാനായത്. സൈനിക മേധാവികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇമ്രാന് പക്ഷേ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളെ നേരിടാന്‍ കാശ്മീര്‍ വിഷയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇന്ത്യയ്ക്കെതിരെ പൊതുജനത്തിന്റെ ദേശീയത ഊതിക്കത്തിച്ച് നാട്ടിലെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ ചില മാദ്ധ്യമങ്ങളെങ്കിലും തുറന്നു കാട്ടുന്നുണ്ട്.
പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.3 ശതമാനമായിരുന്നു. 2018 ല്‍ ഇത് 5.5 ശതമാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കേവലം 2.4 ശതമാനം മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാക് കറന്‍സിയായ പാകിസ്ഥാനി റുപ്പിയും വന്‍ തളര്‍ച്ചയാണ് നേരിടുന്നത്. ഡോളറിനെതിരെ കറന്‍സിയുടെ മൂല്യശോഷണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഈ സാമ്പത്തിക വര്‍ഷത്തിലുണ്ടായത്.
ഇതുവരെയില്ലാത്ത പണപ്പെരുപ്പ നിരക്കും പാകിസ്ഥാനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പതിമൂന്ന് ശതമാനമാണ് പണപ്പെരുപ്പനിരക്ക്.
ഇതിനൊക്കെ പുറമേ പാകിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വന്‍ കടബാധ്യതയാണ്. ചൈനയുടെയും സൗദിയുടെ കൈയ്യയച്ചുള്ള സഹായത്തോടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കഴിയുന്നത്. രണ്ട് മാസം മുന്‍പും ലോകബാങ്കില്‍ നിന്നും ആറ് ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ കടമെടുത്തിരുന്നു. പലപ്പോഴും കടമെടുത്ത് മുന്‍പെടുത്ത കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍ എത്തിനില്‍ക്കുന്നത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭീമമായ നഷ്ടവും ഭരണകൂടത്തെ വിഷമിപ്പിക്കുന്നുണ്ട്.
പാകിസ്ഥാനിലെ കേവലം ഒരു ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ആദായ നികുതി നല്‍കേണ്ടി വരുന്നത്. അധികാരത്തിലേറിയാല്‍ നികുതി വെട്ടിക്കുന്നവരെയും കള്ളപ്പണക്കാരെയും നിലയ്ക്ക് നിര്‍ത്തുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്തുവാന്‍ പോലും ഇതുവരെയായിട്ടില്ല.
ഭീമമായ തുക സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാന്‍. അഴിമതിക്കൊതിയന്‍മാരായി സൈനിക നേതൃത്വത്തെ പിണക്കാനാവാത്തതിനാല്‍ ഇമ്രാന്‍ ഖാന് സൈനിക ബഡ്ജറ്റില്‍ കൈകടത്താനുമാവില്ല. ഇതുകൂടാതെ രാജ്യത്തെ തന്ത്രപ്രധാനമായ ഉത്പാദന മേഖലകളും സൈനിക നിയന്ത്രണത്തിലാണ്. ബാങ്കിംഗ്, സിമന്റ്,ഖനി തുടങ്ങി 100 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം സൈനിക നിയന്ത്രണത്തിലാണ്.
രാജ്യത്തെ എല്ലാപ്രശ്‌നങ്ങളും വളരെ പെട്ടെന്ന് തീര്‍ത്ത് സ്വര്‍ഗം പണിയുവാനായി അധികാരത്തിലേറിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ അത്രകണ്ട് പന്തിയല്ലെന്നുള്ള ബോദ്ധ്യത്തില്‍ കഴിയവെയാണ് കാശ്മീരില്‍ നടപടികളുമായി ഇന്ത്യ എത്തിയത്. ഇതു തന്നെ സുവര്‍ണാവസരമെന്ന് കണ്ട് പ്രതിസന്ധികള്‍ക്കു മേല്‍ ദേശീയതയെ പ്രതിഷ്ഠിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നടപടികള്‍ എത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Post Your Comments