വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പതിറ്റാണ്ടുകളായി ഒന്നു തന്നെയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഈ വിഷയത്തിൽ പാകിസ്ഥാനുമായി സംസാരിക്കാന്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ ആവശ്യമെങ്കില്‍ ഇരു രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറുമാണെന്നും ജയശങ്കര്‍ പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥതയില്‍ കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തുകൂടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജയശങ്കര്‍ ഇങ്ങനെ പറഞ്ഞത്. യുഎന്‍ സമ്മേളനത്തിനായി പ്രധാനമന്ത്രിക്കൊപ്പം അമേരിക്കയിലേക്ക് പോയിരുന്ന ജയശങ്കര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പ്രധാനമന്ത്രി അത് നിരസിക്കുകയായിരുന്നു.
ഇന്ത്യ ഇത്രയും കാലം ചര്‍ച്ച നടത്തിയത് മുഖാമുഖമാണ് ആരുടേയും മധ്യസ്ഥതയിലല്ല. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ വലിച്ചിടുന്ന ഒരു നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടില്ല. കശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ മാത്രം ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 370 എന്ന പ്രത്യേകാധികാരം കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍തിരിച്ചിരുന്നു. എന്നാല്‍ താത്ക്കാലികമായി മാത്രം നല്‍കിയ പദവി റദ്ദാക്കിയതോടെ എല്ലാ സംസ്ഥാനങ്ങളേയും പോലെ കശ്മീരും ഇന്ത്യയുടെ ഭാഗമായെന്ന് ജയശങ്കര്‍ പറഞ്ഞു.
Post Your Comments