മലയാളികള്‍ പാചകത്തിനുള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതാണ് നല്ലെണ്ണ അഥവാ എള്ളെണ്ണ. എള്ളെണ്ണയുടെ ആരോഗ്യഗുണങ്ങളാണ് ഇത്രയേറെ ഉപയോഗങ്ങളുള്ള ഒന്നാക്കി അതിനെ മാറ്റിയത്.ഇന്ന് വിപണിയില്‍ പല പേരുകളിലും ബ്രാന്റുകളിലുള്ള നല്ലെണ്ണ നമുക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നല്ലെണ്ണ യഥാര്‍ത്ഥത്തില്‍ ഗുണകരമാണോ. അല്ല എന്നുതന്നെയാണ് ഉത്തരം. ഇന്ന് വിപണിയില്‍ ലഭ്യമായ എണ്ണകളില്‍ അധികവും മായം ചേര്‍ന്നട്ടുണ്ട്. ചിലത് ഭക്ഷ്യയോഗ്യവുമല്ല.
ഏറെ ആരോഗ്യപ്രദമായ ഒരു ഭക്ഷ്യഎണ്ണ കൂടിയാണ് എള്ളെണ്ണ. 885 കലോറി ഊര്‍ജ്ജമാണ് എള്ളെണ്ണ പ്രദാനം ചെയ്യുന്നത്. എണ്ണെണ്ണയില്‍ 85% അണ്‍സാചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ എള്ളെണ്ണയുടെ ഉപയോഗം രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍, നാഡീ സംബന്ധമായ അസുഖങ്ങള്‍, അള്‍ഷിമേഴ്‌സ്, മാനസിക സമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ ലഘൂകരിക്കുന്ന ഒന്നാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാനും എള്ളെണ്ണ ഗുണകരമാണ്. എള്ളെണ്ണ വിളക്കിലൊഴിച്ച് കത്തിക്കുമ്പോഴുണ്ടാകുന്ന പുകപോലും ആരോഗ്യദായകമാണെന്നാണ് ആയുര്‍വ്വേദത്തില്‍ പറയുന്നത്. ആയുര്‍വേദതൈലങ്ങളെല്ലാം തന്നെ എള്ളെണ്ണയില്‍ വിവിധമരുന്നുകള്‍ ചേര്‍ത്ത് കാച്ചിയെടുക്കുന്നതാണ്.
വ്യാപകമായ രീതിയില്‍ നല്ലെണ്ണയുടെ കയറ്റുമതി ആരംഭിച്ചതോടെ സ്വതവേ ലഭ്യത കുറവായിട്ടുള്ള എള്ളിന് വില ഉയര്‍ന്നു. ആവശ്യക്കാര്‍ കൂടിയതും ഉയര്‍ന്ന വിലയുമാണ് എള്ളെണ്ണയിലെ വ്യാപകമായ മായം ചേര്‍ക്കലിനു കാരണം. പരുത്തിക്കുരു എണ്ണ, സോയാബീന്‍ എണ്ണ, തോട്ടണ്ടി എണ്ണ, ആര്‍ജിമോണ്‍ ഓയില്‍ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് സസ്യഎണ്ണകളാണ് നല്ലെണ്ണയില്‍ പ്രധാനമായും ചേര്‍ക്കുന്ന മായങ്ങള്‍.
എള്ളെണ്ണയുടെ ഗുണമേന്മ ഉണ്ടാകില്ലെങ്കിലും മറ്റ് മായങ്ങളെ അപേക്ഷിച്ച് ആരോഗ്യപരമായ ഗുരുതരപ്രശ്‌നങ്ങള്‍ ഈ ജൈവ എണ്ണകള്‍ ഉണ്ടാക്കില്ല. ഇത് കൂടാതെ കൃത്രിമ നിറം ചേര്‍ത്തതും എള്ളെണ്ണ വിപണിയില്‍ എത്തിക്കുന്നതായി കണ്ടത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറ്റവും അപകടമാകുന്നത് പെട്രോളിയം ഉപോത്പന്നങ്ങള്‍ ചേര്‍ക്കുന്നതാണ്. ഉപയോഗശൂന്യമായ എണ്ണയും പുതിയ എണ്ണയില്‍ മായമായി കലര്‍ത്തി വില്പനക്കെത്തുന്നുണ്ട്. ഇവയില്‍ നിറവും കെമിക്കലുകളും മറ്റും കലര്‍ത്തി യഥാര്‍ത്ഥ എള്ളെണ്ണയുടെ രൂപഭാവങ്ങള്‍ വരുത്തിയാണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.
നല്ലെണ്ണ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സര്‍ക്കാര്‍ തലത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സര്‍ട്ടിഫിക്കേഷനുകള്‍ അവയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ്. കാര്‍ഷിക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന അഗ്മാര്‍ക് മുദ്രയാണ് ഇതില്‍ ഒന്ന്. എണ്ണയിലെ ഫാറ്റിആസിഡുകളുടെ അളവ് നിര്‍ണ്ണയിച്ച് അതിലെ കലര്‍പ്പുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഗ്യാസ് ലിക്വിഡ് ക്രൊമാറ്റോഗ്രഫി (GLC) ടെസ്റ്റ് കൂടി പാസ്സായ എണ്ണയാണെങ്കില്‍ ഗുണമേന്മ ഉറപ്പാക്കാം.
Post Your Comments