KeralaLatest NewsIndia

പാലാരിവട്ടം പാലം നിര്‍മ്മിച്ച സമയത്ത് കൊച്ചിയില്‍ മൂന്ന് കോടിയുടെ സ്വത്ത് വാങ്ങി ; ഇതില്‍ രണ്ടു കോടി കള്ളപ്പണം: ടി ഓ സൂരജിന്റെ അഴിമതിക്കഥകൾ അക്കമിട്ടു നിരത്തി വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി ഒ സൂരജ് മൂത്ത മകന്റെ പേരില്‍ 3.25 കോടിയുടെ സ്വത്ത് വാങ്ങിയതായും ഈ തുകയിലെ രണ്ടു കോടി കള്ളപ്പണമായിരുന്നു എന്നുമാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കേസില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരായി തെളിവുകള്‍ ശേഖരിച്ചു വരുന്നതെന്നും അന്വേഷണസംഘം.

കേസില്‍ സൂരജ് ഉള്‍പ്പെടെയുള്ള നാലു ഉന്നതോദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് പുതുക്കിയ സത്യവാങ്മൂലം നല്‍കിയത്. 2012 ല്‍ സൂരജിന് ചുമതല ഉണ്ടായിരുന്ന കാലത്ത് പാലാരിവട്ടം പാലം നിര്‍മ്മാണം നടക്കുന്ന ഘട്ടത്തില്‍ സൂരജ് ഭൂമി വിലകൊടുത്തു വാങ്ങിയെന്നാണ് കണ്ടെത്തല്‍. മൂന്ന് കോടി 30 ലക്ഷം നല്‍കി മൂത്ത മകന്റെ പേരിലാണ് വസ്തു വാങ്ങിയത്. ഇതില്‍ രണ്ടു കോടി കള്ളപ്പണമായിരുന്നു എന്നാണ് പറയുന്നത്. ഈ രണ്ടുകോടി ഏതു ബാങ്കില്‍ നിന്നുമാണ് പിന്‍വലിച്ചതെന്നോ സാമ്പത്തീക ഇടപാടുകള്‍ സംബന്ധിച്ചതോ ആയ ഒരു രേഖയുമില്ല.കണക്കില്‍ പെടാത്ത ഈ പണം നിര്‍മ്മാണം നടത്തിയ കമ്ബനിക്ക് ഈസമയത്ത് നല്‍കിയ വിവാദമായ 8.25 കോടി അഡ്വാന്‍സ് തുകയില്‍ നിന്നും കിട്ടിയതാണെന്നാണ് സംശയിക്കുന്നത്.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സത്യവാങ്മൂല ത്തില്‍ പറയുന്നു. ജയിലില്‍ വെച്ചു സൂരജ് പാലം പണിയുമായി ബന്ധപ്പെട്ട മൂന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരേ ആവര്‍ത്തിച്ച്‌ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ മന്ത്രിക്കെതിരേ തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.മൊബിലൈസേഷന്‍ അഡ്വാന്‍സായി 8.25 കോടി രൂപ ഏഴുശതമാനം പലിശക്ക് നല്‍കാന്‍ സൂരജ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഫയല്‍ നീക്കുകയോ കുറിപ്പെഴുതുകയോ ചെയ്തിട്ടില്ല.

അഴിമതിയില്‍ സൂരജിനുള്ള പങ്ക് സംശയാതീതമാണ്. 2012 മുതല്‍ 2014 വരെ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് വരവില്‍കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും വിശദീകരണത്തില്‍ പറയുന്നു. സൂരജും ആര്‍.ഡി.എസ് കമ്പനി മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, എം ടി. തങ്കച്ചന്‍, ബെന്നി പോള്‍ എന്നിവരും നല്‍കിയ ജാമ്യഹരജിയില്‍ ചൊവ്വാഴ്ചയും വാദം തുടരും. രജിസ്ട്രേഷന്‍ ഐ.ജി, തൃശൂര്‍, കോഴിക്കോട് കളക്ടര്‍, ടൂറിസം ഡയറക്ടര്‍ എന്നീ പദവികളിലുണ്ടായിരുന്ന 1999-2004 കാലയളവില്‍ സൂരജിന് പരിമിതമായ സമ്പാദ്യമേയുണ്ടായിരുന്നുള്ളൂ. 2005ല്‍ ഡെപ്യൂട്ടിസെക്രട്ടറി പദവിമാത്രമുണ്ടായിരിക്കേ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്സ് ഡയറക്ടറായ സൂരജിന്റെ സമ്പാദ്യം പിന്നീട് കുതിച്ചുകയറുകയായിരുന്നു.

മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകന്‍ റിസ്വാന് സ്വന്തമായി ഫ്ളാറ്റ് വാങ്ങിനല്‍കിയതും ഈ കാലത്തായിരുന്നു. വിജിലന്‍സ് ചോദ്യംചെയ്‌പ്പോള്‍ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകന്‍ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാല്‍ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരില്‍ത്തന്നെയാണ് ഫ്ളാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളില്‍ വരുമെന്നും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button