തിരുവനന്തപുരം; പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെയ്ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. അതേസമയം, മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച വിവരം. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദുരന്ത പ്രതികരണ സേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. യുപിയിലെയും ബിഹാറിലെയും അധികൃതരുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി , തുടങ്ങിയവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു. മധ്യപ്രദേശ്, രാജ്സ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം സാരമായി ബാധിച്ചത്. ബിഹാറിലെ പാറ്റ്നായില്‍ 25 മലയാളികളും പ്രളയത്തില്‍ കുടുങ്ങി. കുടുങ്ങിയവരില്‍ മലയാളി നഴ്സുകളും ഉള്‍പ്പെടുന്നു. ഗംഗ കര കവിഞ്ഞ് ഒഴുകിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.
Post Your Comments