സോമരാജന്‍ പണിക്കര്‍
ലോകത്തേ ഏതു സ്ഥലത്തേ ഒരു സ്ഥാപനമോ ഓഫീസോ കടയോ ഹോട്ടലോ പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന എന്തു കാര്യവും ആവട്ടെ , അവരുടെ ഇടപെടലിൽ ഒരു സൗഹൃദം ഉണ്ടായിരിക്കണം എന്നു ആഗ്രഹിക്കാത്തവർ ആയി ആരും കാണില്ല .
നമ്മൾ ഒരു കടയിലേക്കു കയറിചെല്ലുമ്പോൾ ആദ്യപ്രതികരണം ആയിരിക്കും അവിടെ നമ്മൾ എന്തെങ്കിലും വാങ്ങണോ നിൽക്കണോ പോകണമോ എന്നു നമ്മേ ചിന്തിപ്പിക്കുന്നതു . അതിനു കാരണം നാം വില കൊടുത്തു ഒരു സാധനമോ സേവനമോ വാങ്ങുന്നു എന്നും അതിനാൽ നമ്മേ അന്തസ്സോടെയും സൗഹൃദത്തോടെയും സന്തോഷത്തോടെയും കടയുടമയോ ജീവനക്കാരോ സ്വീകരിക്കണമെന്നും സംസാരിക്കണമെന്നും നാം ആഗ്രഹിക്കുന്നു എന്നതിനാലാണു. . ഒരു ഹോട്ടലിൽ മുറിയെടുക്കാൻ ചെന്നാലും ഇതേ പ്രതീക്ഷ ആണു ഒരു കസ്റ്റമർ അഥവാ ഉപഭോക്താവ് എന്ന നിലയിൽ നാം വെച്ചു പുലർത്തുന്നതു .
നാം ആവശ്യക്കാരൻ ആണെങ്കിലും നമ്മേ ആശ്രയിച്ചാണു ഒരു കടയുടെയോ ഹോട്ടലിന്റേയോ സ്വകാര്യ ടാക്സിയുടേയോ നിലനിൽപ്പും ബിസിനസ് ഉം എന്നതു ആ സ്ഥാപനം നടത്തുന്ന ആൾക്കു ബോദ്ധ്യം ഉള്ളതിനാൽ അയാൾ നല്ല പെരുമാറ്റവും ഉൽപ്പന്നവും സേവനവും തരാൻ ശ്രമിക്കുന്നു. നാം അതിൽ സംതൃപ്തി നേടുകയോ മുടക്കുന്ന പണത്തിന്റെ മൂല്യം കണ്ടെത്തുകയോ അവ നന്നായി ലഭിക്കുന്നില്ല എങ്കിൽ അസംതൃപ്തി പ്രകടിപ്പിക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്നു.
ചുരുക്കത്തിൽ ” കസ്റ്റമർ ഈസ് ദി കിംഗ് ” അവസ്ഥ ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും നമ്മുടെ വില നാം മാത്രമല്ല നമ്മെ ആശ്രയിച്ചു നിലനിൽക്കുന്ന സ്ഥാപനവും ഉടമയും ജീവനക്കാരും മനസ്സിലാക്കി പെരുമാറുന്നു .
എന്നാൽ ഈ അവസ്ഥ സാർവത്രികം ആകണം എന്നു ആഗ്രഹിക്കുന്നു എങ്കിലും യാഥാർഥ്യം വളരെ വ്യത്യസ്തം ആയിരിക്കാം.
ഒരു കടയോ ഹോട്ടലോ വിട്ടു നാം ഒരു സർക്കാർ ഓഫീസിലെക്കു ചെന്നാൽ ഇതേ രീതിയിൽ തന്നെയാണോ നമ്മേ സ്വീകരിക്കുക ?
ഒരു സർക്കാർ ഓഫീസിൽ വരുന്നവരേയെല്ലാം ” കസ്റ്റമർ ” ആയി അവർ കാണുന്നുണ്ടോ ?
അവരുടെ നിലനിൽപ്പ് നമ്മേ ആശ്രയിച്ചാണു എന്നോ അവരുടെ ശമ്പളം നമ്മൾ ” കസ്റ്റമേർസ് ” നൽകുന്ന നികുതിയിൽ നിന്നാണു എന്നു അവർ തിരിച്ചറിയുന്നുണ്ടോ ?
ഉണ്ടെങ്കിൽ അവർ അങ്ങേയറ്റം സൗഹൃദത്തോടെയും ആദരവോടെയും ആ ഓഫീസിൽ എത്തുന്ന ഒരോ ” കസ്റ്റമർ ” ഓടും പെരുമാറും .
ഈ മനോഭാവം ഒരു സർക്കാർ നയം കൊണ്ടോ ഉത്തരവ് കൊണ്ടോ നടപ്പിൽ വരുത്താൻ സാധിക്കും എന്നു കരുതേണ്ട .ഇതു ആ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരോ വ്യക്തിയുടേയും മനോഭാവ മാറ്റത്തിലൂടെ മാത്രമേ കൈവരിക്കാൻ സാധിക്കൂ …സ്ഥാപനത്തിലെ മേലധികാരിക്കോ വകുപ്പു മേധാവിക്കോ നല്ല മാതൃക സ്വയം ആയിത്തീർന്നു മറ്റുള്ള ജീവനക്കാർക്കു പ്രചോദനം ആകാം .
നമ്മുടെ സർക്കാർ ഓഫീസുകൾ അകട്ടെ , ബാങ്കുകൾ ആകട്ടെ , വാണിജ്യ സ്ഥാപനങ്ങൾ ആകട്ടെ , സൂപ്പർ മാർക്കെറ്റുകൾ ആകട്ടെ , പോലീസ് സ്റ്റേഷനുകൾ ആകട്ടെ , ജനസേവന കേന്ദ്രങ്ങൾ ആകട്ടെ , വില്ലേജ് ഓഫീസുകൾ ആകട്ടെ , മുൻസിപ്പൽ ഓഫീസുകൾ ആകട്ടെ , ആർ .ടീ .ഓ ഓഫീസുകൾ ആകട്ടെ , രജിസ്റ്റേഷൻ ഓഫീസുകൾ ആകട്ടെ , ഇവയ്ക്കെല്ലാം പൊതുവായി ചില സൗഹൃദങ്ങൾ ആവശ്യമാണു .
അവ ഇവയാണു ..
ഉപഭോക്ത സൗഹൃദം.
വയോജന സൗഹൃദം
ഭിന്നശേഷി സൗഹൃദം
പരിസ്ഥിതി സൗഹൃദം.
ശുചിമുറി സഹിതം .
മറ്റു നിരവധി സൗഹൃദങ്ങൾ കൂടി ലിസ്റ്റ് ഇൽ എഴുതാനുണ്ടു . എങ്കിലും ഇത്രയും ഉണ്ടെങ്കിൽ അത്തരം ഓഫീസുകളും സ്ഥാപനങ്ങളും ആർക്കും ധൈര്യമായി കയറിചെല്ലാനും സംതൃപ്തിയോടെ ഇറങ്ങി ചെല്ലാനും ” കസ്റ്റമർ ഈസ് കിംഗ് ” എന്ന ഫീൽ ഉണ്ടാക്കാനും സാധിക്കും .
വർഷങ്ങൾക്കു മുൻപു അമ്മക്കു പെൻഷൻ വാങ്ങാനായി അമ്മയുടെ കൂടെ പട്ടണത്തിലെ ട്രഷറിയിൽ പോകാറുണ്ടായിരുന്നു . നഗരത്തിലെ തിരക്കു പിടിച്ച ഒരു സ്ഥലത്തു 70 ഉം 80 ഉം 90 ഉം വയസ്സുള്ള ” കസ്റ്റമേർസ് ” ആ സ്ഥാപനത്തിലെ പടികൾ കയറാൻ വിഷമിക്കുന്നതു കണ്ടു വലിയ സങ്കടം തോന്നിയിട്ടുണ്ടു . അതു ” വയോജന സൗഹൃദം ” അല്ല എന്നു ചുരുക്കം .
കുറേ നാൾ മുൻപു ഫേസ് ബുക്കിലെ പ്രിയ സുഹൃത്തു UnNi Maxx ഒരു വീൽ ചെയറിൽ എത്തുന്ന ഒരാൾക്കു സംസ്ഥാനത്തേ മിക്ക കെട്ടിടങ്ങളിലും കയറിചെല്ലാൻ പറ്റില്ല എന്നു എഴുതിയിരുന്നു .90 ശതമാനം കെട്ടിടങ്ങൾക്കും ” റാമ്പ് ” ഇല്ല എന്നതാണു കാരണം .
അടുത്തിടെ അമ്മയുടെ ആധാർ കാർഡ് സംബന്ധിച്ചു താഴത്തേ നിലയിൽ അമ്മക്കു നടന്നു ചെല്ലാവുന്ന അക്ഷയ കേന്ദ്രം അടുത്തുണ്ടോ എന്നു അന്വേഷിച്ച സമയത്താണു നിരവധി അക്ഷയ കേന്ദ്രങ്ങൾ ഒന്നാം നിലയിൽ ആണു പ്രവർത്തിക്കുന്നതു എന്നും ആ പടികൾ കയറാൻ വയോജനങ്ങൾ നന്നായി കഷ്ടപ്പെടുന്നു എന്നും മനസ്സിലാക്കിയതു . ഒന്നാം നിലയിൽ താരതമ്യേന വാടക കുറവായതിനാൽ സ്ഥാപനം നടത്തുന്നവർ ” ആവശ്യമുള്ളവർ പടി കയറി വരട്ടെ ” എന്നു വിചാരിച്ചു സ്ഥാപനം തുടങ്ങുന്നു .
മിക്ക ഓഫീസുകളിലും ചവിട്ടു പടികൾ ഉണ്ടെങ്കിലും വശങ്ങളിൽ കൈവരി ഉണ്ടാവില്ല .അതു വയോജനങ്ങൾക്കു സ്വയം ചവിട്ടി കയറാൻ പ്രയാസം ഉണ്ടാക്കുന്നു . വീൽ ചെയറും അതു കടക്കാൻ റാമ്പും ഒക്കെ ” ദൂർ കീ ബാത് ” ആകുന്നു.
പല സർക്കാർ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും സന്ദർശകർക്കു ഇരിക്കാൻ കസേരകളോ കുടിക്കാൻ ശുദ്ധജലമോ അതിഥികൾക്കോ ജീവനക്കാർക്കോ പോലും സുരക്ഷിതമായി ഉപയോഗിക്കാൻ വൃത്തിയായി സൂക്ഷിക്കുന്ന ടോയ്ലെറ്റുകളോ ഉണ്ടാവില്ല . ഇതെല്ലാം ചെറുപ്പക്കാരെ മാത്രം ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണെന്നു തോന്നിപ്പോകും . അവർക്കു പുറത്തു എവിടെയെങ്കിലും ഓടിപ്പോയി ടോയ്ലെറ്റ് കണ്ടുപിടിച്ചു തിരികെ വരാൻ പറ്റുമല്ലോ .
പല ഓഫീസുകളിലും ഇപ്പോൾ ” ടൊക്കൺ ” സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടു .നാം ഒരു ഓഫീസിൽ ചെന്നാലുടൻ ഒരു ടോക്കൺ എടുത്തു കസേരയിൽ ഇരിക്കാം . നമ്മുടെ ടോക്കൺ വിളിക്കുമ്പോൾ മാത്രം കൗണ്ടറിൽ ചെന്നാൽ മതി . ഇത്തരം സംവിധാനം കൂടുതൽ സന്ദർശകർ ഉള്ള ഒരോ പൊതു , സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും നടപ്പാക്കാൻ ശ്രദ്ധ വെച്ചാൽ മതി .
സർക്കാറിനു ചെയ്യാൻ പറ്റുന്ന ഒരു ലളിതമായ കാര്യം ഈ സ്ഥാപനങ്ങൾക്കു മുൻപു പറഞ്ഞ സൗഹൃദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ” സ്റ്റാർ റേറ്റിംഗ് ” നൽകി അവ ഓഫീസിന്റെ മുൻപിൽ പ്രദർശിപ്പിക്കാൻ വ്യവസ്ഥ ചെയ്താൽ നന്നായിരിക്കും .
” ഈ സ്ഥാപനം
ഉപഭോക്ത സൗഹൃദം.
വയോജന സൗഹൃദം
ഭിന്നശേഷി സൗഹൃദം
പരിസ്ഥിതി സൗഹൃദം.
ശുചിമുറി സഹിതം .
പഞ്ച നക്ഷത്ര പദവി ലഭിച്ചതു . ”
എന്ന ഒരു ബോർഡ് വെക്കുകയും അതിന്റെ ഉടമയോ മേലധികാരിയോ അതിനു ഉത്തരവാദിത്വം വഹിക്കുന്നു. പരാതിപ്പെടാൻ അദ്ദേഹത്തേ സമീപിക്കാം .
എന്ന ഒരു ബോർഡും അതു നടപ്പാക്കാൻ നല്ല മനോഭാവവും ഉണ്ടാക്കിയാൽ നമ്മുടെ ഒരോ സർക്കാർ ഓഫീസും ജനസേവന കേന്ദ്രങ്ങളും വാണിജ്യ സ്ഥാപനങ്ങളും ബാങ്കുകളും പോലീസ് സ്റ്റേഷനുകളും പെട്രോൾ പമ്പുകളും പോസ്റ്റ് ഓഫീസുകളും സൂപ്പർ മാർക്കെറ്റുകളും മെച്ചപ്പെട്ട ” കസ്റ്റമർ സൗഹൃദ” സ്ഥാപനങ്ങൾ ആയി മാറും .
( ചിത്രത്തിൽ 92 കാരനായ അച്ഛൻ കൈപിടിക്കാം എന്ന എന്റെ സഹായം നിരസിച്ചു ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ഒരു അക്ഷയ കേന്ദ്രത്തിന്റെ പടികൾ ഇറങ്ങുന്നു )
https://www.facebook.com/sompanicker/posts/10217629273062253
Post Your Comments