കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. അതേസമയം ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം മറ്റൊന്നാണ്. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 25 ലക്ഷം രൂപയും നിലവിലുള്ളതിന് സമാനമായ പുനരധിവാസ സൌകര്യങ്ങളും ലഭിക്കുന്നതിന് മുന്‍പ് ഒഴിയില്ലെന്നാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.. ഈ വിഷയം സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ രാവിലെ ഫ്‌ളാറ്റ് ഉടമകളുമായി സംസാരിക്കും.
ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാരെ മാറ്റാനുളള നടപടികള്‍ ഉണ്ടാവില്ല. സബ് കലക്ടര്‍ ഫ്‌ളാറ്റുടമകളുമായി സംസാരിച്ച് പുനരധിവാസത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഉടമകളെ ബോധ്യപ്പെടുത്തും. ഒക്ടോബര്‍ 3ന് മുന്‍പ് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും നഗരസഭ മുന്‍കൈയ്യെടുത്ത് ചെയ്തുകൊടുക്കും. ഒഴിയാനുള്ള സൗകര്യത്തിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും.
ഒഴിപ്പിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിക്കുന്നതോടൊപ്പം താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുന്ന ഫ്‌ലാറ്റുകളുടെ വാടക പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഒക്ടോബര്‍ 9ന് പൊളിക്കാനുള്ള കമ്പനിക്ക് ഫ്‌ളാറ്റുകള്‍ കൈമാറി 11ന് പൊളിക്കല്‍ ആരംഭിക്കും. നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക.
Post Your Comments