ന്യൂഡല്‍ഹി: വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഉള്ളിയുടെ നിരോധനം തുടരും. ഇന്ന് മുതലാണ് ഉള്ളി കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില എണ്‍പത് ശതമാനത്തോളം വര്‍ധിച്ചിരുന്നു. മഹാരാഷ്ട്രയിലെയും കര്‍ണാടകത്തിലെയും ഉള്‍പ്പെടെ കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ഉള്ളിക്കൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നത്. വിതരണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടും ഉള്ളി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളപ്പൊക്ക ദുരിതബാധിതരായ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.
വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ 23 രൂപയ്ക്ക് ഉള്ളി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം കയറ്റുമതി നിരോധിച്ചത്.ഒരാഴ്ചയ്ക്ക് മുന്‍പ് ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 57 രൂപയായിരുന്നു. മുംബൈയില്‍ 56, കൊല്‍ക്കത്തയില്‍ 48, ചെന്നൈയില്‍ 34 എന്നിങ്ങനെയായിരുന്നു കഴിഞ്ഞാഴ്ചത്തെ വില. ഈ വിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ 80 രൂപയിലെത്തിയത്. വിപണിയില്‍ ഉള്ളി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണ്ടിരുന്നില്ല. മഹാരാഷ്ട്ര, കര്‍ണടാക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവടങ്ങളിലാണ് സവാള ഉല്‍പ്പാദനം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലകളില്‍ കനത്ത മഴയാണ്. 56000 ടണ്‍ സവാളയാണ് കേന്ദ്രസര്‍ക്കാരിന്റെ സംഭരണത്തിലുള്ളതെന്നാണ് വിവരം.
Post Your Comments