
ഇടുക്കി: കുരങ്ങുകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതോടെ പ്രതിസന്ധിയിലായി ഇടുക്കിയിലെ ഏലം കര്‍ഷകര്‍. കലക്ഷങ്ങളുടെ നഷ്ടമാണ് ഇടുക്കി വെള്ളാരംകുന്നിലെ ഏലം കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കുരങ്ങുകള്‍ കൂട്ടമായാണ് കൃഷിസ്ഥലത്തിറങ്ങുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
വെള്ളാരംകുന്ന് മേഖലയില്‍ മുന്നൂറ് ഏക്കറോളം സ്ഥലത്ത് ഏലം കൃഷിചെയ്യുന്നുണ്ട്. പ്രളയത്തിലും പിന്നാലെയെത്തിയ കൊടും വേനലിലുമെല്ലാം വലിയ നഷ്ടം നേരിട്ട കര്‍ഷര്‍ക്ക് പുതിയ പ്രതിസന്ധി ആയി മാറിയിരിക്കുകയാണ് കുരങ്ങുകള്‍. ഒരു ഏലത്തട്ടയില് നിന്ന് ആറ് തവണയെങ്കിലും വിളവെടുക്കാന്‍ കഴിയും. എന്നാല്‍ കുരങ്ങുകള്‍ ഇത് നശിപ്പിക്കുന്നതോടെ ആ വര്‍ഷത്തെ മൊത്തം ആദായം ഇല്ലാതാകുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഫോറസ്റ്റ് വകുപ്പില്‍ പരാതിപ്പെട്ടെങ്കിലും കോട്ടയത്തെ ഓഫീസില്‍ നിന്ന് ഉത്തരവ് വന്നാല്‍ മാത്രമേ കുരങ്ങുകളെ കെണിവച്ച് പിടിക്കാന്‍ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. ഇനിയും ഉദ്യോഗസ്ഥരുടെ അവഗണന തുടര്‍ന്നാല്‍ കൃഷി നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Post Your Comments