തിരുവനന്തപുരം: പക്ഷി ശല്യത്തില്‍ പൊറുതിമുട്ടി തിരുവനന്തപുരം വിമാനത്താവളം. പ്രാവും പരുന്തും മൂങ്ങയുമുള്‍പ്പെടെയുള്ള പക്ഷികളാണ് വിമാനത്താവളം കീഴടക്കിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷികളെത്തുന്നതിന്റെ പ്രധാന കാരണം ഇവിടെയുള്ള എലികളും ആഫ്രിക്കന്‍ ഒച്ചുകളുമാണെന്നാണ് കണ്ടെത്തല്‍.
വിമാനത്താവളത്തില്‍ നേരിടുന്ന പക്ഷിഭീഷണി ഒഴിവാക്കാനായി പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആര്‍.ഐ.) നടത്തുന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജൂണില്‍ ആരംഭിച്ച പഠനം ഒരു വര്‍ഷത്തോളം നീളും. കെ.എഫ്.ആര്‍.ഐ.യില്‍ നിന്ന് വിരമിച്ച ഡോ. പി.എ. ജെയ്‌സണാണ് പഠനത്തിന്റെ കണ്‍സള്‍ട്ടന്റ്. ഡോ. വി.ബി. ശ്രീകുമാറാണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. ഗവേഷകവിദ്യര്‍ഥി അമൃത് ബാലനും സംഘത്തിലുണ്ട്.
പക്ഷികളെ വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ തള്ളുന്ന അറവ് അവശിഷ്ടങ്ങളടക്കമുള്ള മാലിന്യമാണെന്നും ഈ സംഘം കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്തും ലാന്‍ഡിംഗ് സമയത്തും പക്ഷികള്‍ ഇടിച്ചാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാവും. എന്‍ജിന്‍ ഭാഗത്താണ് പക്ഷി വന്നിടിക്കുന്നതെങ്കില്‍ അവയെ വലിച്ച് ഉള്ളിലേക്ക് കയറ്റും. ഇതോടെ എന്‍ജിന്‍ തകരാറിലാവും. ഇത്തരത്തിലുള്ള അപകടം മൂലം തീപിടുത്തം വരെ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എയര്‍പോര്‍ട്ടിന്റെ പരിസര പ്രദേശങ്ങളില്‍ വന്‍ മാലിന്യപ്രശ്‌നമുണ്ട്. മാലിന്യത്തിനൊപ്പമാണ് എലികളും പെരുകുന്നത്. മതില്‍ക്കടന്ന് വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് എലികള്‍ എത്താറുണ്ട്. ഈ എലികളെ പിടിക്കാന്‍ രാത്രി വെള്ളിമൂങ്ങകള്‍ എത്താറുണ്ട്. ഇവ വിമാനങ്ങള്‍ക്ക് കുറുകെ പറക്കുന്നത് ഭീഷണിയാണ്.
മതിലിനുവെളിയിലുള്ള എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് കൂട്ടത്തോടെ റണ്‍വേയിലേക്ക് പ്രാവുകളെത്താറുണ്ട്. ധാന്യങ്ങള്‍ ചിതറിക്കിടക്കുന്നതാണ് പ്രാവുകള്‍ പെരുകാന്‍ കാരണം. മഴക്കാലത്ത് മതില്‍ക്കടന്ന് ഉള്ളിലെത്തുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തേടി കൊക്കുകള്‍ എത്താറുണ്ട്. മതിലിനുള്ളിലെ ചെറിയ നീര്‍ച്ചാലുകളില്‍ നിന്ന് ഒച്ചുകളെ പിടിച്ച് റണ്‍വേയില്‍ കൊണ്ടുവെച്ച് രീതിയും ഉണ്ട്. പ്രദേശത്തെ
അറവുമാലിന്യമാണ് പരുന്തുകളെ എത്തിക്കുന്നത്. സാധാരണ പരുന്തുകളും (ബാക്ക് കൈറ്റ്), ഗരുഡന്‍ (ബ്രാഹ്മണി കൈറ്റ്) എന്നിവയാണ് കൂടുതല്‍. നീര്‍ക്കാക്കകളും മതിലിനുള്ളില്‍ എത്താറുണ്ട്.
Post Your Comments