Latest NewsNewsIndia

താജ്മഹലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രഷര്‍ കുക്കര്‍; പരിശോധനയില്‍ 40 ശതമാനം സ്‌ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ ആശങ്ക

ഉപേക്ഷിക്കപ്പെട്ട നിലയില്‍ താജ്മഹലിന് സമീപം പ്രഷര്‍ കുക്കര്‍ കണ്ടെത്തി. താജ് മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപത്താണ് കുക്കര്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് ഡിറ്റക്ടറുമായി നടത്തിയ പരിശോധനയില്‍ 40 ശതമാനം സ്‌ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിച്ചു. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. രാവിലെ പള്ളിയില്‍ നമസ്‌കരിക്കാന്‍ എത്തിയവരാണ് ആദ്യം കുക്കര്‍ കണ്ടത്.

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ബോംബ് ഡിറ്റക്ടര്‍ കൊണ്ടുവന്നു. ഇത് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 40 ശതമാനം സ്‌ഫോടകവസ്തു ഉള്ളതായി കണ്ടെത്തി. പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ആശങ്കയെത്തുടര്‍ന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.

എന്നാല്‍ പിന്നീട് ഡിറ്റക്ടര്‍ തകരാറിലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. ഇതിനിടെ കുക്കറുമായി ബന്ധപ്പെട്ട് പ്രാദേശിക അന്വേഷണം നടത്തുന്നതിനിടെ ഒരു കുരങ്ങ് കുക്കറുമായി ഓടിപ്പോകുന്നത് കണ്ടെന്ന് താജ് മഹലിന് അടുത്തുള്ള ഒരു വീട്ടില്‍ താമസിക്കുന്ന സ്ത്രീ സിഐഎസ്എഫിനോട് പറഞ്ഞു. ഇതോടെ ആശങ്ക നീങ്ങുകയും കുക്കറില്‍ സ്‌ഫോടക വസ്തുക്കളൊന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button