ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. കാഴ്ചയില്‍ അതിസുന്ദരമാണ് ഇവിടുത്തെ ദ്വീപുകളെല്ലാം. ചരിത്രവും സംസ്‌കാരവും ഇഴപിരിഞ്ഞു കിടക്കുന്ന നാടാണ് ആന്‍ഡമാന്‍. മോഹിപ്പിക്കുന്ന കടല്‍ത്തീരങ്ങളും കടുംപച്ചയണിഞ്ഞു നില്‍ക്കുന്ന വനങ്ങളും മനം മയക്കുന്ന പ്രകൃതിയും തുടങ്ങി ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരുന്ന കാഴ്ചകള്‍ ആന്‍ഡമാന് സ്വന്തമാണ്. കയ്യിലല്പം പണം കുറവാണെങ്കിലും യാത്രാച്ചെലവിലും ഭക്ഷണം, താമസക്കാര്യങ്ങളിലും ആസൂത്രിതമായി പണം ചെലവഴിച്ചാല്‍ കീശ കാലിയാകാതെ കാഴ്ചകള്‍ ആസ്വദിക്കാം.
നമ്മുടെ രാജ്യത്തിന്റെ ചെറുപതിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ ദ്വീപുകളില്‍ മലയാളികളും തമിഴരും ബംഗാളികളും സിഖുകാരും ഉള്‍പ്പെടെ എല്ലാ ദേശങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്തു ആന്‍ഡമാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും സ്വാതന്ത്ര്യത്തിനുശേഷവും തിരിച്ചുവരാതെ അവിടെ തന്നെ താമസിക്കുകയാണ് ചെയ്തത്. ദ്വീപുകളില്‍ ഇന്ത്യയുടെ പലഭാഗത്തു നിന്നുള്ള, പല ഭാഷകള്‍ സംസാരിക്കുന്ന, പല സംസ്‌കാരങ്ങളില്‍പ്പെട്ട ഒരു ജനതയെ കാണാന്‍ കഴിയും. ഇവിടുത്തെ 555 ദ്വീപുകളില്‍ ഏകദേശം 37 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. കടലിന്റെ കാഴ്ചകള്‍ ഒരിക്കലും മതിവരാത്ത സഞ്ചാരികള്‍ക്കു ഈ ദ്വീപുകളും അവിടേക്കുള്ള യാത്രകളും സ്വപ്നതുല്യമായിരിക്കും. അധികപണം ചെലവാക്കാതെ ആന്‍ഡമാന്‍ യാത്ര നടത്താന്‍ താല്‍പര്യമുണ്ടോ? എന്നാല്‍ ചിലത് ശ്രദ്ധിക്കാം.
യാത്ര ചെലവ് കുറയ്ക്കാന്‍
യാത്രയ്ക്കു തയാറാകുമ്പോള്‍ തന്നെ ഓടിച്ചെന്നു ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്കുചെയ്യാതെ, വിമാന കമ്പനികള്‍ യാത്രാനിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയം നോക്കി ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ ശ്രമിക്കുക. കുറച്ചു പണം ലാഭിക്കാന്‍ ഈ മാര്‍ഗം സഹായിക്കും. ചെറിയൊരു യാത്രയാണ് മനസിലെങ്കില്‍ ആദ്യമേ തന്നെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. താമസത്തിനായി പോര്‍ട്ട് ബ്ലെയര്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഹാവ്‌ലോക്ക് ദ്വീപിലും താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. കപ്പല്‍ മാര്‍ഗമോ വിമാനത്തിലോ ആന്‍ഡമാനില്‍ എത്തിച്ചേരാവുന്നതാണ്. കപ്പല്‍ മാര്‍ഗമാകുമ്പോള്‍ യാത്രാചെലവ് അല്‍പം കുറവായിരിക്കും. അവിടെ എത്തിച്ചേര്‍ന്നതിനു ശേഷം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര പോകുന്നതിനായി ബസുകളെ ആശ്രയിക്കുന്നതാണ് ധനനഷ്ടം കുറയ്ക്കാന്‍ അനുയോജ്യമായ വഴി. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ ഉണ്ട്. ഇവയുടെ സമയം എപ്പോഴാണ് എന്നറിഞ്ഞുവെച്ചു കാഴ്ചകള്‍ കാണാനായി ഇറങ്ങാം. യാത്രയ്ക്കായി ടാക്‌സികളെ ആശ്രയിച്ചാല്‍ കൂടുതല്‍ പണം മുടക്കേണ്ടതായി വരും.
താമസ ചെലവു കുറയ്ക്കാന്‍
വലിയ തിരക്കേറിയ സ്ഥലങ്ങളിലെ ഹോട്ടലുകളെ താമസത്തിനായി ആശ്രയിക്കാതിരിക്കുന്നതാണ് ഉത്തമം. ഒരു ദിവസം താമസിക്കുന്നതിനു തന്നെ ചിലപ്പോള്‍ വലിയ തുക നല്‍കേണ്ടി വരും. അതുകൊണ്ടു നഗരങ്ങളില്‍ നിന്നു അല്‍പം മാറിയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളോ അതിഥിമന്ദിരങ്ങളോ താമസത്തിനായി തിരഞ്ഞെടുക്കാം. കുറച്ചു പണം ലാഭിക്കാന്‍ അതുവഴി സാധിക്കും. ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നു മുന്‍ക്കൂട്ടി തീരുമാനിക്കുക, സമയ നഷ്ടം കുറയ്ക്കാന്‍ ഇതൊരു എളുപ്പമാര്‍ഗമാണ്. പോര്‍ട്ട് ബ്ലെയര്‍, ഹാവ്‌ലോക്ക് ദ്വീപ്, ബറാടാങ് ദ്വീപ്, നീല്‍ ദ്വീപ്, ജോളി ബോയ് ദ്വീപ് ഇവയെല്ലാമാണ് ആന്‍ഡമാന്‍ സന്ദര്‍ശനത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍. ചെലവുകുറഞ്ഞ രീതിയില്‍ ഇവിടെയെല്ലാം എത്തിപ്പെടുന്നതിനായി ശ്രമിക്കുകയും പൊതുഗതാഗത മാര്‍ഗങ്ങളെ അതിനായി ആശ്രയിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ ധനനഷ്ടം കുറയ്ക്കാം.
Post Your Comments