തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. ഒറ്റ പേരുള്ള പട്ടിക കെപിസിസി ഇന്നലെ രാത്രിതന്നെ ഹൈക്കമാൻഡിന് കൈമാറി. അരൂരിൽ ഷാനിമോൾ ഉസ്മാനും, കോന്നിയിൽ പി മോഹൻരാജും എറണാകുളത്ത് ടി ജെ വിനോദും, വട്ടിയൂർകാവിൽ കെ മോഹൻകുമാറും സ്ഥാനാർത്ഥികളാകും. മഞ്ചേശ്വരത്ത് നേരത്തെ തന്നെ എം സി ഖമറുദ്ദീനെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
കെപിസിസിയിൽ രാത്രി വൈകി മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചർച്ചയിലാണ് സ്ഥാനാർത്ഥി പട്ടികയില്‍ ധാരണയായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷം പട്ടിക ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. ഒറ്റപ്പേരുള്ള പട്ടിക നൽകിയതിനാൽ സാധാരണ നിലയിൽ ഡൽഹിയിൽ നിന്നും മാറ്റങ്ങളില്ലാതെ അംഗീകരിക്കുകയാണ് പതിവ്.
Post Your Comments