വീടും പരിസരവും മരങ്ങളും പച്ചപ്പും നിറഞ്ഞതാണെങ്കില്‍ അതിന് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. എന്നാല്‍ വീട്ടിന്റെ പരിസരത്ത് നട്ടുവളര്‍ത്താന്‍ പാടില്ലാത്ത ചില ചെടികളെക്കുറിച്ച് പറയാറുണ്ട്. ആ കൂട്ടത്തില്‍ പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു പേരാണ് ചെമ്പകം. ചെമ്പകപ്പൂവിന് നല്ല സുഗന്ധമാണ്. അതിനാല്‍ തന്നെ പലരും ഇത് വീട്ടില്‍ നടാന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷെ വീടുകളില്‍ ചെമ്പകം നടുവാന്‍ പാടില്ലെന്നാണ് ചിലരുടെ വിശ്വാസം. ഇത് വീട്ടില്‍ നട്ടാല്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാകുമെന്നും ചെമ്പകം വീടിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നാല്‍ വീട്ടില്‍ ഉള്ളവര്‍ മരിക്കും തുടങ്ങിയ പല വിശ്വാസങ്ങളും ചെമ്പകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഇത് വെറും വിഡ്ഢിത്തരവും അന്ധവിശ്വാസവും ആണ്.
വാസ്തു ശാസ്ത്രത്തില്‍ പ്രധാനമായും നാല് വിധം മരങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അകത്തും പുറത്തും കാതല്‍ ഉള്ളവ( തേക്ക്, ഈട്ടി മുതലായവ ), അകത്ത് മാത്രം കാതല്‍ ഉള്ള (പ്ലാവ്, ആഞ്ഞിലി മുതലായവ), പുറത്ത് മാത്രം കാതല്‍ ഉള്ളവ ( തെങ്ങ്, കവുങ്ങ് മുതലായവ ), അകത്തും പുറത്തും കാതല്‍ ഇല്ലാത്തവ ( ചെമ്പകം, പാല, ഇലവ് (പഞ്ഞിമരം) മുതലായവ).
ഇതില്‍ നാലാമത്തെ വിഭാഗം കാതല്‍ ഇല്ലാത്തവ ആയതുകൊണ്ട് നല്ല കാറ്റും മഴയുമുണ്ടായാല്‍ പെട്ടെന്ന് ഒടിഞ്ഞു വീഴുവാന്‍ സാധ്യത കൂടുതല്‍ ആണ്. വീടിനു മുകളില്‍ മരം വീണാല്‍ വീട്ടില്‍ ഉള്ളവര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ചെമ്പകം വീടിന് സമീപം നടാന്‍ പാടില്ല എന്ന് പറയുന്നത്. അതുകൊണ്ട് വീടിനു തൊട്ടടുത്ത് ചെമ്പകം വെക്കുന്നതിനേക്കാള്‍ കുറച്ച് ദൂരെ ആയി വെക്കുന്നത് ആണ് ഉത്തമം. അഥവാ വീടിനടുത്ത് വെച്ചാല്‍ തന്നെ വീടിനേക്കാള്‍ ഉയരത്തില്‍ വളരാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
അങ്ങിനെ ആകുമ്പോള്‍ ഒടിഞ്ഞു വീഴും എന്ന പേടിയും വേണ്ട. കൂടാതെ പണ്ട് കാലത്ത് ഉണ്ടായിരുന്ന വീടുകള്‍ കോണ്‍ക്രീറ്റ് ആയിരുന്നില്ല എന്നതിനാലാണ് വീടിനടുത്ത് ഈ മരങ്ങള്‍ വെക്കുന്നത് ദോഷം ആണ് എന്ന് പറഞ്ഞിരുന്നത്. വീടിന്റെ മുന്‍വശം ഏത് ദിക്ക് ആണെങ്കിലും വീട്ടില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുന്‍വശം ഒഴിച്ചുളള വശങ്ങളില്‍ ചെമ്പകം നടാവുന്നതാണ്.
Post Your Comments