ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്ന പാകിസ്ഥാന്റെ ഡ്രോണിനെ കണ്ടെത്തി. പഞ്ചാബിലെ അട്ടാരിയില്‍ നിന്നാണ് കണ്ടെത്തിയത്. തീവ്രവാദ കേസില്‍ പ്രതിയായ ആകാശ്ദീപ് എന്നയാളാണ് അട്ടാരിയിലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഡ്രോണ്‍ പഞ്ചാബ് പോലീസിന് കാണിച്ചുകൊടുത്തത്. പഞ്ചാബില്‍ നിന്ന് നേരത്തെയും ഡ്രോണ്‍ കണ്ടെത്തിയിരുന്നു.
സാങ്കേതിക തകരാര്‍മൂലം ഡ്രോണിന് തിരിച്ച് പാകിസ്താനിലേക്ക് പറക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇയാള്‍ ഈ പ്രദേശത്ത് ഡ്രോണ്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ബാല്‍ബീര്‍ സിങ് പ്രതികരിച്ചു.
പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അമൃതസറിലേക്ക് എ.കെ 47 തോക്കുകളും ഗ്രനേഡുകളും എത്തിക്കുന്നതായി പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താനാണ് ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പത്ത് ദിവസത്തിനിടെ എട്ട് തവണയാണ് ഈ ഡ്രോണുകള്‍ വഴി ആയുധക്കടത്ത് നടത്തിയതെന്നാണ് വിവരം. അഞ്ച് കിലോ ഭാരം വരെ വഹിക്കാനാകുന്ന ഈ ഡ്രോണുകള്‍ക്ക് താഴ്ന്നും ഉയരത്തിലും പറക്കാനാകുമെന്നും പ്രത്യേകതയാണ്.
Post Your Comments