പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു. അതേസമയം തോല്‍വി അംഗീകരിക്കുന്നെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി പ്രതികരിച്ചത്.
പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നു. എന്നാല്‍ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വോട്ട് വിറ്റുവെന്നും ജോസ് കെ മാണി ആരോപിച്ചു.
മാണി സി.കാപ്പന്‍ എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,937 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ഉറച്ച കോട്ടയായ രാമപുരം കൈവിട്ടതോടെ തന്നെ ജോസ് ടോം പരാജയം മണത്തിരുന്നു.
അരനൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പാണിത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമെന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പാലാ മണ്ഡലം നിലവില്‍ വന്ന 1965 ന് ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിന് പുറത്തു നിന്ന് ഒരു എംഎല്‍എ ഇവിടെയുണ്ടാകുന്നത്. ഈ 54 വര്‍ഷക്കാലയളവിലും കെഎം മാണിയായിരുന്നു പാലായുടെ എംഎല്‍എ.
Post Your Comments