കോട്ടയം: അരനൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ തിരിച്ചടിയായത് അമിത ആത്മവിശ്വാസം. പാലാ മണ്ഡലം നിലവില്‍ വന്ന 1965 ന് ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിന് പുറത്തു നിന്ന് ഒരു എംഎല്‍എ പാലായില്‍ നിന്നുണ്ടാകുന്നത്. പാട്ടുംപാടി ജയിക്കാമെന്ന് കരുതിയാണ് പ്രവര്‍ത്തകര്‍ ഫലം പുറത്തുവരുന്നതിനും മുന്‍പേ ജോസ് ടോമിന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകള്‍ സ്ഥാപിച്ചതും വിതരണത്തിനായി ലഡു റെഡിയാക്കിയതും.
വെള്ളപ്പാട് ബൂത്തിലെ കേരള കോണ്‍ഗ്രസുകാരാണ് ഫലപ്രഖ്യാപനം പുറത്തു വരുന്നതിനും മുന്‍പേ ജോസ് ടോമിന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നവംബര്‍ 30-ന് നടക്കേണ്ട കേരള സെക്യൂരിറ്റ് സ്റ്റാഫ് യൂണയന്‍ എന്ന കേരള കോണ്‍ഗ്രസ് പോഷക സംഘടനയുടെ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ ജോസ് ടോം എം.എല്‍.എ എന്നാണ് രേഖപ്പെടുത്തിയതും. അതേസമയം വിജയം ഉറപ്പാക്കിയതിനു പിന്നാലെ വിജയഗാനവും കേരള കോണ്‍ഗ്രസുകാര്‍ റെക്കോഡ് ചെയ്തിരുന്നു. ഫലം വരുന്നതിന് മുന്‍പ് അത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
‘അപ്പോഴേ പറഞ്ഞില്ലേ തോറ്റീടും തോറ്റീടൂന്ന്. ഇടതന്‍മാര്‍ തോറ്റീടൂന്ന്’ ഇങ്ങനെ തുടങ്ങുന്നതായിരുന്നു വിജയഗാനം. ‘വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി… നന്ദി… നന്ദി’ എന്ന വാചകമായിരുന്നു ഫ്ളകസില്‍ ഉണ്ടായിരുന്നത്. മനസില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണിസാറിന്റെ പിന്ഗാമി നിയുക്ത പാലാ എം.എല്‍.എ അഡ്വ. ജോസ് ടോമിന് അഭിനന്ദങ്ങള്‍ എന്നും ഫ്ളക്സിലുണ്ട്. അതേസമയം കേരള കോണ്‍ഗ്രസുകാര്‍ വാങ്ങിയ ലഡ്ഡുവും പടക്കവുമൊക്കെ പകുതി വിലയ്ക്കു നല്‍കിയാല്‍ താന്‍ വാങ്ങിക്കാമെന്ന മാണി സി. കാപ്പന്റെ പ്രതികരണവും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments