മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസിൽ എംഎൽഎ സ്ഥാനം രാജിവെച്ച് എൻസിപി നേതാവ് അജിത് പവാർ. ബാങ്ക് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് രാജി. കുംഭകോണവുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരത് പവാര്‍, എൻസിപി നേതാക്കളായ അജിത് പവാർ, ജയന്ത് പാട്ടീൽ ഉൾപ്പെടെ 76 പേർക്കെതിരെയാണ് കേസുള്ളത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ എന്‍സിപി നേതാക്കള്‍ പ്രതിയാകുന്നത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസ് എടുത്തിരിക്കുന്നത്. വായ്പ അനുവദിക്കുന്നതിൽ ക്രമവിരുദ്ധമായ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം.
സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിചേർക്കപ്പെട്ട പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ഇന്ന് പവാർ ഇഡി ഓഫീസിൽ ഹാജരാകും എന്ന് അറിയിച്ചിരുന്നതിനാൽ ഓഫീസ് പരിസരത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. എങ്കിലും രാവിലെ മുതൽ ഓഫീസിന് സമീപത്തേക്ക് എൻസിപി പ്രവർത്തകർ സംഘം ചേർന്ന് എത്തിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ എത്താനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് പൊലീസ് പവാറിനോട് നിർദ്ദേശിച്ചത്.
Post Your Comments