പൂന്തോട്ടത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചുകൊണ്ട് ടെറേറിയം എന്ന ആശയം എത്തിയിട്ട് അധികകാലമായിട്ടില്ല. ചില്ലു ഭരണിക്കുള്ളിലെ പൂന്തോട്ടം എന്ന ആശയം ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഈ കുഞ്ഞന്‍ ഉദ്യാനം കണ്ടാല്‍ ആരും ആദ്യം ഒന്ന് അമ്പരക്കും. വീട്ടിനുള്ളില്‍ എവിടെ വേണമെങ്കിലും വയ്ക്കാമെന്നതാണ് ടെറേറിയത്തിന്റെ പ്രത്യേകത. ലിവിങ് റൂമിലോ, ജനാലകള്‍ക്കരികിലോ, ബെഡ്‌റൂമിലോ, അടുക്കളയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്കീ കുഞ്ഞന്‍ പൂന്തോട്ടം വളര്‍ത്താം.
രണ്ടുതരം ടെറേറിയമാണുള്ളത്. മൂടിയുള്ള ചില്ലുഭരണിയില്‍ മുഴുവനായി അടച്ചുവച്ചു സംരക്ഷിക്കുന്നതും പാതി തുറന്ന പാത്രത്തില്‍ ഒരുക്കുന്നതും. പൂര്‍ണമായും അടച്ചുവയ്ക്കുന്ന ടെറേറിയത്തിനുള്ളില്‍ ചൂടും ഈര്‍പ്പവും ഏറുമെന്നതുകൊണ്ട് ഇവയുടെ പരിപാലനം അത്ര എളുപ്പമല്ല. പാതിതുറന്ന രീതിയിലുള്ള ടെറേറിയമാണ് പരിപാലിക്കുന്നതിന് കൂടുതല്‍ എളുപ്പം. പാതിതുറന്നവയില്‍ അധികമായി ഈര്‍പ്പം തങ്ങി നില്‍ക്കില്ല. പുറത്തെ അന്തരീക്ഷത്തിലേക്കു വായുസഞ്ചാരം സുഗമമായതുകൊണ്ട് ഉള്ളില്‍ ചൂടും കൂടില്ല.
ഫിറ്റോണിയ, സിങ്കോണിയം, പന്നല്‍ ചെടികളായ വാങ്കിങ് ഫേണ്‍, ടേബിള്‍ ഫേണ്‍ തുടങ്ങിയവയാണ് സാധാരണയായി ടെറേറിയത്തില്‍ വളര്‍ത്തുന്നത്. ടെറേറിയം വയ്ക്കുന്നിടത്തെ പ്രകാശലഭ്യത മനസിലാക്കി വേണം ചെടികള്‍ തിരഞ്ഞെടുക്കുവാന്‍. തീരെ വെളിച്ചം കുറഞ്ഞിടത്ത് പൂര്‍ണമായും പച്ചനിറത്തിലുള്ള ഇലകളോട് കൂടിയ ചെടികള്‍ ഉപയോഗിക്കാം. ചെടികളും അത് വളര്‍ത്താനാവശ്യമായ ചില്ലുഭരണിയുമാണ് ടെറേറിയത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങള്‍. നന്നായി വെളിച്ചം കയറുന്നതും പ്രത്യേകിച്ച് നിറമൊന്നുമില്ലാത്തതും പുറം ഭാഗത്ത് ചിത്രങ്ങളോ മറ്റ് പ്രിന്റുകളോ ഇല്ലാത്തതുമായ ഭരണി ഇതിനായി തിരഞ്ഞെടുക്കാം. കൂടുതല്‍ ഈര്‍പ്പം ആവശ്യമുള്ള പന്നല്‍ ഇനങ്ങള്‍, പെപ്പറോമിയ, പൈലിയ, സിങ്കോണിയം തുടങ്ങിയവ, അക്വേറിയം ഇനങ്ങള്‍ എന്നിവയ്ക്ക് ചകിരിച്ചോറ് (കൊക്കോപീറ്റ്) ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് യോജിച്ചത്. രണ്ടുഭാഗം ചകിരിച്ചോറ്, ഒരുഭാഗം വീതം ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ്, മണ്ണിര കമ്പോസ്റ്റ് എന്നി മിശ്രിതം തയാറാക്കാം.
സക്കുലന്റ്, കള്ളിച്ചെടിയിനങ്ങള്‍ക്ക് കുറച്ച് മാത്രം ഈര്‍പ്പം മതി. അതിനാല്‍ നന്നായി വെള്ളം വാര്‍ന്നുപോകുന്ന തരം മിശ്രിതമാണു വേണ്ടത്. ഇതില്‍ ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ് ഏറെ ഉപയോഗിക്കാം. രണ്ടുഭാഗം ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ്, ഒരു ഭാഗം വീതം ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് എന്ന രീതിയിലാണ് ഇതിന് മിശ്രിതം തയ്യാറാക്കേണ്ടത്.
ചുവട്ടില്‍ കിഴങ്ങുള്ള സ്‌പൈഡര്‍ പ്ലാന്റ്, അലങ്കാര ശതാവരി, സിങ്കോണിയം ഇവയ്‌ക്കെല്ലാം നല്ല ആഴത്തിലുള്ള മിശ്രിതം ആവശ്യമാണ്.
നന്നായി വൃത്തിയാക്കിയ ചില്ലുഭരണിയുടെ ഏറ്റവും അടിഭാഗത്ത് വെള്ളാരംകല്ലുകളോ മാര്‍ബിള്‍ ചിപ്പുകളോ നിരത്തി അലങ്കരിക്കാം. ഇതിനു മുകളില്‍ മരക്കരിയുടെ ചെറിയ കഷണങ്ങള്‍ നിരത്താം. മരക്കരിയുടെ മുകളിലാണ് നടീല്‍ മിശ്രിതം നിറയ്‌ക്കേണ്ടത്. കവറില്‍ ലഭിക്കുന്ന ചെടിയുടെ വേരുഭാഗത്തെ മണ്ണ് ശ്രദ്ധാപൂര്‍വം നീക്കിയശേഷം കുമിള്‍നാശിനി ലായനിയില്‍ വേരുള്‍പ്പെടെ ചെടി മുഴുവനായി കഴുകി അണുവിമുക്തമാക്കണം. പിന്നീട് ചെടി ഈ മിശ്രിതത്തിലേക്ക് നടാം. നടുമ്പോള്‍ ചെടിയുടെ വേരുഭാഗം നന്നായി ഉറപ്പിക്കുകയും ചെടി നിവര്‍ത്തിനിര്‍ത്താനും മിശ്രിതത്തിനു മുകളില്‍ അലങ്കാരവസ്തുക്കള്‍ നിരത്തുകയും വേണം. ചെടികള്‍ നട്ടശേഷം ബാക്കിയുള്ള ഭാഗം മാര്‍ബിള്‍ കല്ലുകള്‍, ഗ്ലാസ് ബോളുകള്‍, ഡ്രിഫ്റ്റ് വുഡ്, നന്നായി കഴുകി വൃത്തിയാക്കിയെടുത്ത കടല്‍ത്തീരത്തെ ഉപ്പില്ലാത്ത മണല്‍, വിപണിയില്‍ കിട്ടുന്ന പല നിറങ്ങളിലുള്ള മണല്‍ ഇവയെല്ലാം ഉപയോഗിച്ച് അലങ്കരിക്കാം.
Post Your Comments