ഷാര്‍ജ : യുഎഇയില്‍ നിരവധി മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി . പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കുമെന്നു വന്നതോടെ മലയാളികള്‍ ആശങ്കയിലായി.
മതിയായ യോഗ്യതയില്ലെന്ന പേരിലാണ് യുഎഇയിലെ നൂറുകണക്കിന് ഡിപ്ലോമ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ടത്. ഒട്ടേറെ പേരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ബിഎസ്സി നഴ്‌സിങ് ഡിഗ്രിക്കാര്‍ക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് ഇവര്‍ക്ക് വെല്ലുവിളിയായത്.
യുഎഇയിലെ വലിയൊരു ശതമാനം ഡിപ്ലോമ നഴ്‌സുമാര്‍ക്കും ജോലി നഷ്ടപ്പെട്ടു.ചിലര്‍ക്കെല്ലാം ജോലിക്കയറ്റത്തിനുള്ള സാധ്യതകളും മങ്ങി. അടുത്തവര്‍ഷം നഴ്‌സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവര്‍ക്കു മാത്രമാക്കും.
ഇതുസംബന്ധിച്ച് പ്രധാന മന്ത്രിയുടെ ഓഫിസിനും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരനും ഇരുനൂറോളം നഴ്‌സുമാര്‍ ഒപ്പിട്ട പരാതി നല്‍കി. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് അധികൃതര്‍, മുഖ്യമന്ത്രി, മുന്‍മന്ത്രി കെ.സി.ജോസഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്ലസ് ടു പഠിച്ച ശേഷം മൂന്നര വര്‍ഷത്തെ നഴ്‌സിങ് ഡിപ്ലോമ കരസ്ഥമാക്കി യുഎഇയില്‍ എത്തിയ നഴ്‌സുമാരില്‍ ഭൂരിഭാഗവും 15 വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. 2016 മുതല്‍ 250ലേറെ പേര്‍ ഫുജൈറയിലെ ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ തുല്യതാ കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ കോഴ്‌സിന് ശേഷം 2018ല്‍ ആദ്യ ബാച്ച് പുറത്തിറങ്ങി. ഈ സര്‍ട്ടിഫിക്കറ്റിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട് എന്നായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ നഴ്‌സുമാരോട് പ്രവേശന സമയത്ത് പറഞ്ഞിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഇതുപയോഗിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍, 50,000 ദിര്‍ഹത്തോളം ഫീസ് നല്‍കി രണ്ടു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി നേടിയ സര്‍ടിഫിക്കറ്റുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് അതിന് അംഗീകാരമില്ലെന്ന് അറിയുന്നതെന്ന് നഴ്‌സുമാര്‍ പരാതിപ്പെട്ടു. ഈ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരമില്ലാത്തതാണു തിരസ്‌കാരത്തിന് കാരണമെന്ന് മന്ത്രാലയം അധികൃതരും അറിയിച്ചു. ഇതിനിടെ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി കോയമ്പത്തൂര്‍ സ്വദേശികളായ മാനേജ്‌മെന്റ് അധികൃതര്‍ യുഎഇ വിടുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കില്ലെങ്കില്‍ തങ്ങളുടെ പണമെങ്കിലും തിരിച്ചു കിട്ടണമെന്നാണ് നഴ്‌സുമാരുടെ ഇപ്പോഴത്തെ ആവശ്യം.
Post Your Comments