ന്യൂഡൽഹി ; ജയ്ഷെ-മുഹമ്മദ് , ലഷ്കർ – ഇ – ത്വയ്ബ ഭീകരർ രാജ്യത്ത് ഡ്രോണുകൾ വഴി ബോംബ് സ്ഫോടനങ്ങൾ നടത്തിയേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് .ഡ്രോണുകൾ വഴി പഞ്ചാബ് അതിർത്തിയിൽ പാക് ഭീകരർ ആയുധങ്ങൾ എത്തിച്ചതായുള്ള റിപ്പോർട്ടിനു പിന്നാലെയാണ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് . ഭീകരർ നടത്തിയ ആശയവിനിമയങ്ങളിൽ നിന്നാണ് ഇന്റലിജൻസ് വിഭാഗം ഈ വിവരം കണ്ടെത്തിയിരിക്കുന്നത് .
ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾക്ക് സംരക്ഷണം നൽകുന്ന കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയും ഇത്തരത്തിൽ ഡ്രോണുകൾ വഴി ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ സ്ഥിരീകരിച്ചിട്ടുണ്ട് .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹി അടക്കമുള്ള നഗരങ്ങളിൽ അതീവ ജാഗ്രത പുലർത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം .മാത്രമല്ല അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഡ്രോൺ പോലെ പറക്കുന്ന വസ്തുക്കളുടെ ഉപയോഗം പൊലീസ് നിയന്ത്രിച്ചിരിക്കുകയാണ് .ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടാൽ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്
വാട്സ്ആപ്പ്, ഇ-മെയിലുകൾ, ഫെയ്സ്ബുക്ക്, ടെലിഗ്രാം എന്നിവ വഴി ജയ്ഷെ , ലഷ്കർ ഭീകരർ നടത്തിയ ആശയവിനിമയത്തിന്റെ ഉള്ളടക്കത്തിലാണ് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ഇത്തരത്തിൽ ആക്രമണങ്ങൾ അരങ്ങേറാമെന്ന സൂചനയുള്ളത് .മാത്രമല്ല ഓൺലൈൻ വിപണിയിൽ ലഭ്യമാകുന്ന ഡ്രോണുകളുടെ വിവരങ്ങളും അവർ പരാമർശിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി .ഡ്രോൺ പോലെയുള്ളവ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടാൽ സെക്യൂരിറ്റി ഓപ്പറേഷൻ കൺട്രോൾ സെന്റർ , എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ എന്നിവയെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട് .
Post Your Comments