തിരുവനന്തപുരം: ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തുടക്കമിടുന്ന അനന്തപുരി മെഡിക്കല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കോര്‍പ്പറേഷന്റെ ബജറ്റില്‍ നല്‍കിയിരുന്ന വാഗ്ദാനമാണ് അനന്തപുരി മെഡിക്കല്‍സ്. എന്നാല്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അനന്തപുരി മെഡിക്കല്‍സ് പ്രവര്‍ത്തനം തുടങ്ങുക.
അനന്തപുരി മെഡിക്കല്‍സിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യവാരം തന്നെ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ തീയതി നീട്ടിവെയ്ക്കുകയായിരുന്നു. ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായമായ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കോര്‍പ്പറേഷന്റെ സ്വപ്ന പദ്ധതിയാണ് അനന്തപുരി മെഡിക്കല്‍സ്. ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായമായ വിലയില്‍ അനന്തപുരി മെഡിക്കല്‍സില്‍ നിന്ന് ലഭിക്കും.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഈ ഏജന്‍സികളില്‍ നിന്നാകും മെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്നു ശേഖരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസികളുടെ മാതൃകയിലാകും അനന്തപുരി മെഡിക്കല്‍സിന്റെ പ്രവര്‍ത്തനം. പാളയം സാഫല്യം കോംപ്ലക്‌സിലാകും ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കുക. പിന്നീട് കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് തീരുമാനം.
Post Your Comments