കൊച്ചി: എയിഡ്സ് രോഗിയുടെ രക്തം തന്റെ ശരീരത്തില്‍ കുത്തിവെച്ചുവെന്ന മോഹനന്‍ നായരുടെ വാദം പൊളിഞ്ഞു. കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി മോഹനന്‍ നായര്‍ വൈകിപ്പിച്ച ഒരു പ്രമുഖ ചാനലിന്റെ പരിപാടിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്തപ്പോഴാണ് താന്‍ രക്തം തേക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നതായി വ്യക്തമായത്.
ഡോക്ടര്‍മാരുടെ മുമ്പിലിരുന്നാണ് എയിഡ്സ് രോഗിയുടെ രക്തം സ്വീകരിച്ചതെന്നായിരുന്നു മോഹനന്‍ നായരുടെ വാദം. തുടര്‍ന്ന് അവതാരകനും എതിര്‍പാനലിലെ അംഗങ്ങളും ചോദ്യങ്ങള്‍ ചോദിച്ചതോടെ രോഗിയുടെയും തന്റെയും രക്തങ്ങള്‍ തമ്മില്‍ യോജിപ്പിക്കുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്.
അതേസമയം ‘ബ്രാഹ്മണന്റെ ശിശു മത്സ്യമാംസാദികള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കുന്നു. മാംസാഹാരികളുടെ പൈതങ്ങള്‍ക്ക് ഇറച്ചി കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നു.’ എന്നും മോഹനന്‍ നായര്‍ വാദിച്ചിരുന്നു. ജനിതകവസ്തുവായ ഡി.എന്‍.എ ഇല്ലെന്ന് പറഞ്ഞ മോഹനന്‍ നായര്‍ എല്ലാ രോഗങ്ങളും മനസ്സിന്റെ സൃഷ്ടിയാണെന്നും പറഞ്ഞു. മനസ്സെവിടെയാണെന്ന് അറിയില്ലെന്നും മോഹനന്‍ പറഞ്ഞു.
ബാക്ടീരിയ, വൈറസ്, കാന്‍സര്‍, എച്ച്.ഐ.വി തുടങ്ങിയവ ഇല്ലെന്നും മോഹനന്‍ നായര്‍ പറഞ്ഞിരുന്നു. എല്ലാ രോഗത്തിനും മരുന്നുള്ളത് അമ്പലത്തില്‍ ആണെന്നും 4448 രോഗങ്ങളും അത് മാറ്റാന്‍ അത്രയും അമ്പലങ്ങളും ഉണ്ടെന്നും ഇയാള്‍ പറഞ്ഞു. സ്വകാര്യ ചാനലിന്റെ ഈ പരിപാടിയുടെ രണ്ടാംഭാഗത്തിന്റെ സ്റ്റേ എറണാകുളം മുന്‍സിഫ് കോടതി നീക്കിയതോടെ ഞായറാഴ്ചയാണ് സംപ്രേക്ഷണം ചെയ്തത്. രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മോഹനന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഇടക്കാല സ്റ്റേ.
അതേസമയം അശാസ്ത്രീയമായ ചികിത്സാ രീതികള്‍ നടക്കുന്നതായി കണ്ടെത്തി മോഹനന്‍ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
Post Your Comments