പാലാ: ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്.കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന് പറയുകയുണ്ടായി. കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന് വോട്ടു ചെയ്തു മടങ്ങി.
ശക്തമായ മത്സരം നടക്കുന്ന പാലായില്‍ മൊത്തം 13 സ്ഥാനാര്‍ത്ഥികളാണുള്ളത്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. എം3 മെഷീനിൽ എപ്പോൾ വോട്ടിങ് തുടങ്ങി, എപ്പോൾ പൂർത്തിയായി എന്നെല്ലാം വ്യക്തമാക്കാൻ ക്ലോക്കും അധികമായുണ്ട്. യന്ത്രത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്താണ് തകരാർ എന്നു ഡിസ്പ്ലേ ബോർഡിൽ തെളിയുകയും ചെയ്യും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.
Post Your Comments