ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ള കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി-മത ഭേദമില്ലാതെ സഹോദരതുല്യമായി എല്ലാവരും കഴിയുന്ന മാതൃകാസ്ഥാനമായി ഈ ലോകം മാറണമെന്നാശിച്ച ഗുരുവിന്റെ സ്മരണയ്ക്ക് സവിശേഷ പ്രാധാന്യവും വർധിച്ച പ്രസക്തിയും ഉള്ള കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മാനവികതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്കുള്ള ദൃഢപ്രതിജ്ഞാ മുഹൂർത്തമായി ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം നമുക്ക് മാറ്റാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജാതി-മത ഭേദമില്ലാതെ സഹോദരതുല്യമായി എല്ലാവരും കഴിയുന്ന മാതൃകാസ്ഥാനമായി ഈ ലോകം മാറണമെന്നാശിച്ച ഗുരുവിന്റെ സ്മരണയ്ക്ക് സവിശേഷ പ്രാധാന്യവും വർധിച്ച പ്രസക്തിയും ഉള്ള കാലമാണിത്.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനം -ഈ മൂന്ന് പ്രവര്‍ത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു.
ജനാധിപത്യത്തെ അപകടപ്പെടുത്തി വര്‍ഗീയത ഇന്ത്യയ്ക്കുമേല്‍ പിടിമുറുക്കുകയാണ്. ഈ ഘട്ടത്തില്‍ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി പുനരര്‍പ്പണം നടത്തുന്നത് ജനതയുടെ അതിജീവനത്തിനുള്ള അനിവാര്യതയായി മാറിയിരിക്കുന്നു. മാനവികതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്കുള്ള ദൃഢപ്രതിജ്ഞാ മുഹൂർത്തമായി ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം നമുക്ക് മാറ്റാം.
Post Your Comments