തിരുവനന്തപുരം: ഏതു തിരക്കിനിടയിൽ നിന്നും കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്ന കേരള പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ ക്യാമറകള്‍ എത്തുന്നു. ആദ്യഘട്ടത്തിൽ തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്‌റ്റേഷനുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. പോലീസ് രേഖകളിലുള്ള കുറ്റവാളികളുടെ ചിത്രങ്ങള്‍ ലോഡ് ചെയ്യുകയും അവരില്‍ ആരെങ്കിലും ക്യാമറയ്ക്ക് സമീപമെത്തിയാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്യുന്ന രീതിയാണിത്. പൊലീസ് രേഖകളിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കണ്‍ട്രോള്‍ റൂമിലേക്കു തത്സമയം നല്‍കുന്നത്. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് അയയ്ക്കും.
പദ്ധതിയ്ക്കായി കെ- ഡിസ്‌ക് (കേരള ഡവലപ്‌മെന്റ് ഓഫ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സില്‍) സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 24 ആണ് താത്പര്യപത്രം സ്വീകരിക്കാനുള്ള അവസാന തീയതി. തത്സമയ നിരീക്ഷണത്തിനു പുറമേ സ്‌റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലും ഗ്രൂപ്പ് ഫോട്ടോകളിലുമുള്ള വ്യക്തികളെ കണ്ടെത്താനും കഴിയുന്ന തരത്തിലായിരിക്കും പുതിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്.
Post Your Comments