തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കായി റഗുലര്‍ ഹെല്‍ത്ത് കെയര്‍ സേവനം ലഭ്യമാക്കുന്നതുള്ള പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര മഹിളാ മന്ദിരം, തിരുവനന്തപുരം വിമന്‍ അന്റ് ചില്‍ഡ്രന്‍സ് ഹോം, പി.റ്റി.പി. നഗര്‍ വിമന്‍ അന്റ് ചില്‍ഡ്രന്‍സ് ഹോം, വെഞ്ഞാറമൂട് ഉദിമൂട് വിമന്‍ അന്റ് ചില്‍ഡ്രന്‍സ് ഹോം, പൂജപ്പുര സ്‌പെഷ്യല്‍ ഹോം, പൂജപ്പുര ചില്‍ഡ്രസ് ഹോം, പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഹോം, പൂജപ്പുര മുടവന്‍മുഗള്‍ എസ്.ഒ.എസ്. ഹോം എന്നീ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ റഗുലര്‍ ഹെല്‍ത്ത് കെയര്‍ സേവനം ലഭ്യമാക്കുന്നതിന് 15.02 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനാണ് ഈയൊരു പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ 8 സ്ഥാപനങ്ങളിലെ 229 പേര്‍ക്ക് ഡയഗ്നോസ്റ്റിക് ട്രീറ്റ്‌മെന്റ്, റഫറല്‍ സേവനം എന്നിവ ഔട്ട്‌റീച്ച് മെഡിക്കല്‍ ക്ലിനിക് വഴി ലഭ്യമാക്കും. സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സഹായത്തോടെ ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതാണ്. മെഡിക്കല്‍ ടീം മാസത്തിലൊരിക്കല്‍ ഈ സ്ഥാപനങ്ങളിലെ ഓരോരുത്തരേയും പരിശോധിക്കും. ഓരോ ക്യാമ്പിലും ലാബ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങളുമൊരുക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സൈക്കോളജസ്റ്റിന്റെ സേവനവും ഇതോടൊപ്പം ലഭ്യമാക്കുന്നതാണ്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റാണ് റഗുലര്‍ ഹെല്‍ത്ത് കെയര്‍ സേവനം നടപ്പിലാക്കുന്നത്.
Post Your Comments