KeralaLatest NewsIndia

ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച്‌ പുലിവാല് പിടിച്ചു മാതൃഭൂമി, കൈയുംകെട്ടിയിരിക്കില്ലെന്ന് വിശ്വകര്‍മ സമുദായം

വിശ്വകര്‍മ സമൂഹത്തിന്റെ കുലാചാര്യനായ പെരുന്തച്ചനെ അവഹേളിച്ച മാതൃഭൂമി ദിനപത്രവും ആലങ്കോട് ലീലാകൃഷ്ണനും തെറ്റുതിരുത്തി മാപ്പ് പറയണമെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊച്ചി: മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച്‌ ഹിന്ദു സമൂഹത്തെ അവഹേളിച്ച ‘മാതൃഭൂമി’ ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച്‌ വിശ്വകര്‍മ സമുദായത്തെയും അവഹേളിച്ചതായി ആരോപണം. സപ്തംബര്‍ 15ലെ ഞായറാഴ്ചപ്പതിപ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ ലേഖനത്തിലാണ് പന്തിരുകുലം കഥയിലെ പ്രമുഖനായ പെരുന്തച്ചനെ വികലമായി അവതരിപ്പിച്ചത്. വിശ്വകര്‍മ സമൂഹത്തിന്റെ കുലാചാര്യനായ പെരുന്തച്ചനെ അവഹേളിച്ച മാതൃഭൂമി ദിനപത്രവും ആലങ്കോട് ലീലാകൃഷ്ണനും തെറ്റുതിരുത്തി മാപ്പ് പറയണമെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കടുത്ത വിമർശനവുമായാണ് വിശ്വകർമ്മ സമുദായം രംഗത്തെത്തിയത്. ‘പന്തിരുകുല ചരിത്രത്തില്‍ ഒരിടത്തുപോലും പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യം ഉണ്ടെന്നുവരുത്തി വിശ്വകര്‍മ സമുദായത്തെ അവഹേളിക്കുകയും, ചരിത്രത്തെ വളച്ചൊടിക്കുകയുമാണ് ആലങ്കോട് ലീലാകൃഷ്ണന്‍. ഇത് പ്രസിദ്ധീകരിച്ചതിലൂടെ വിശ്വകര്‍മ സമുദായത്തിന്റെ മഹത്തായ പാരമ്ബര്യത്തെ കളങ്കപ്പെടുത്തുകയാണ് മാതൃഭൂമി. അകവൂര്‍ ചാത്തന്‍, പാക്കനാര്‍ എന്നിവര്‍ ശാക്തേയ മതക്കാരും, പെരുന്തച്ചനും ഉപ്പുകുറ്റനും ക്രിസ്ത്യാനികളും, വള്ളോന്‍ ബുദ്ധമതക്കാരനും, കാരയ്ക്കല്‍ മാത ജൈനമതക്കാരിയുമാണെന്ന ലേഖനത്തിലെ കണ്ടെത്തലുകള്‍ ഹിന്ദുക്കളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ആലങ്കോട് ലീലാകൃഷ്ണന്റെ രാഷ്ട്രീയ ചിന്തകളും ഇടുങ്ങിയ സാമൂഹ്യബോധവുമാണ് ഇത്തരം ഒരു രചനയ്ക്ക് കാരണമായത്.

വ്യാജ ചരിത്രം നിര്‍മിച്ച്‌ വിശ്വകര്‍മജരെയും ഹിന്ദുസമൂഹത്തെയും അവഹേളിക്കാനും ശിഥിലീകരിക്കാനുമുള്ള മാതൃഭൂമിയുടെ ശ്രമത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും, ഇത് കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും വിശ്വകര്‍മ സമുദായ കൂട്ടായ്മ സംസ്ഥാന രക്ഷാധികാരി വി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പെരുന്തച്ചനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ചെയര്‍മാന്‍ കെ.കെ. ഹരി, കെവിഎസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സതീഷ് ടി. പദ്മനാഭന്‍, തമിഴ് വിശ്വകര്‍മസമൂഹം സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന പ്രസിഡന്റ് എന്‍.എം. സുരേഷ്, അഖില കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന കൗണ്‍സില്‍ അംഗം അജയഘോഷ്, വിശ്വകര്‍മ ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ.വി. അഭിലാഷ്, അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ മണിമല എന്നിവരും, വിശ്വകര്‍മ സമുദായ നേതാക്കളും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പന്തിരുകുലത്തെയും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്നതില്‍നിന്ന് മാതൃഭൂമിയും ലീലാകൃഷ്ണനും പിന്‍വാങ്ങി വിശ്വകര്‍മ സമൂഹത്തോട് മാപ്പ് പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button