ഒരുകാലത്തെ മലയാള സിനിമയിലെ സ്വപ്‌ന നായികയെ വിവാഹം കഴിച്ച അന്തരിച്ച നടന്‍ സത്താറിനോട് ഒരുപാട് പേര്‍ക്ക് അസൂയ തോന്നിയിട്ടുണ്ട്. മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താര്‍-ജയഭാരതി വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജീവിതയാത്രയില്‍ ഇരുവര്‍ക്കും വഴി പിരിയേണ്ടി വന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞെങ്കിലും വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലൊന്നുമുണ്ടായിട്ടില്ലെന്ന് സത്താര്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
‘ഇപ്പോഴും താന്‍ ഭാരതിയെ വിളിക്കാറുണ്ട്. മദ്രാസില്‍ പോയാല്‍ ഭാരതിയുടെ വീട്ടിലാണ് താമസിക്കുക. ഒരുപാട് മുറികളുള്ള വലിയൊരു വീടാണ് ഭാരതിയുടേത്. അവിടെ തനിക്കുവേണ്ടി ഒരു മുറിയുണ്ട്. അതില്‍ താമസിക്കും. കുറെ ദിവസം കഴിയുമ്പോഴേക്കും മടുക്കും. അപ്പോള്‍ തിരിച്ചുപോരുമെന്നും’ സത്താര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ജയഭാരതി സിനിമയില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സത്താറിനെ വിവാഹം ചെയ്തിരുന്നത്. വിവാഹശേഷം സത്താറിന് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞിരുന്നു. പല സിനിമകളില്‍ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താര്‍ കടന്നു. മലയാള സിനിമകളില്‍ നിര്‍മാതാവായി. എന്നാല്‍, ഈ ശ്രമങ്ങള്‍ പലതും പരാജയപ്പെട്ടിരുന്നു. ഇതു വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജീവിതത്തില്‍ കഷ്ടപ്പാട് അറിയാതെ വളര്‍ന്നു വന്ന സത്താര്‍ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളില്‍ പതറിപ്പോയി. ജയഭാരതിയുമായുള്ള വേര്‍പിരിയല്‍ അങ്ങനെയാണ് ഉണ്ടായതെന്നാണ് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നത്.
ഇരുപത്തിരണ്ടാം വയസ്സില്‍ പ്രണയത്തില്‍പ്പെട്ടതോടെ തനിക്ക് കരിയറില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ പോയെന്ന് സത്താര്‍ വെളിപ്പെടുത്തിയിരുന്നു. ‘സിനിമയെക്കുറിച്ച് പഠിക്കേണ്ട സമയമായിരുന്നു അത്. പഴയ സിനിമകള്‍ കാണുകയും ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ട സമയം. അതൊന്നും ശ്രദ്ധിക്കാതെ പെണ്ണിന്റെ പിറകെപോയി. ഭാരതിയെ വിവാഹം കഴിച്ചു.
വീട്ടില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പരമ്പരാഗതമായ മുസ്ലീം കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. അതോടെ സിനിമയില്‍ നിന്ന് പലരും എന്നെ അകറ്റിനിര്‍ത്തി. ഒരു ഗ്രൂപ്പ് തന്നെ എന്നെ വേണ്ടാന്ന് പറഞ്ഞു. കൈയില്‍ കാശുണ്ട്. മാത്രമല്ല, ഭാരതിയുടെ ലേബലുമുണ്ട്. ഈ ഉഴപ്പും കരിയറിനെ ബാധിച്ചു’ – എന്ന് അഭിമുഖത്തില്‍ പറയുന്നു. പരസ്പരം ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് നല്ല രീതിയില്‍ പിരിഞ്ഞതെന്നും പിന്നീട് അദ്ദേഹം എല്ലാ അഭിമുഖങ്ങളിലും തുറന്നുപറയുകയുണ്ടായിട്ടുണ്ട്.
Post Your Comments