കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസിന് കിട്ടിയത് എട്ടിന്റെ പണി. നരിക്കുനി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മദീന ബസിനെയാണ് നാട്ടുകാർ തടഞ്ഞത്.
വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെയാണ് ബസ് കയറ്റാതെ പോയത്. ബസ് കാത്തിരുന്ന മറ്റ് യാത്രക്കാരേയും ബസിൽ കയറ്റിയില്ല. വിദ്യാർത്ഥികൾ വിവരം അടുത്തുള്ള കടകളിലെ ആളുകളോട് പറയുകയും അവർ വൈകിട്ട് സർവീസ് നടത്തുന്ന ബസ് തടയാൻ തീരുമാനിക്കുകയുമായിരുന്നു.
ബസ് തടഞ്ഞ നാട്ടുകാർ ഡ്രൈവറോട് വിദ്യാർത്ഥികളെ കയറ്റാത്തതിന്റെ കാരണം തിരക്കി. സ്റ്റാൻഡിൽ കയറാൻ താമസിക്കുന്നതിനാലാണ് ബസ് നിർത്താതിരുന്നതെന്ന് ഡ്രൈവർ പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള കടയിൽ നിന്ന് സ്റ്റീൽ പാത്രത്തിൽ ചുടു ചായ വാങ്ങി ബസ് ഡ്രൈവർക്ക് നൽകി. ചായ കുടിച്ചു തീർന്നിട്ട് ബസ് എടുത്താൽ മതിയെന്ന് പറഞ്ഞു. ചായ കുടിച്ചു കഴിഞ്ഞാണ് ഡ്രൈവർ ബസ് എടുത്തത്.
Post Your Comments