രാജപുരം: രാജപുരം മാലക്കല്ല് മുണ്ടാപ്ലാവില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിലാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചത്. അത്ഭുതകരമായാണ് കുടുംബം രക്ഷപ്പെട്ടത്.തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞ് കരഞ്ഞതാണ് കുടുംബത്തിന് രക്ഷയായത്. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ഉറക്കാന്‍ വീട്ടുകാര്‍ എണീറ്റു. ശേഷം വാതില്‍ ഭദ്രമായി അടച്ച് വീണ്ടും ഉറങ്ങുകയായിരുന്നു.പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്.
വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നാമവശേഷമായി. കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങള്‍ എല്ലാം ഉരുകിയ നിലയിലാണ്. വയറിങ് കത്തിനശിച്ചു. വീട് ഇപ്പോള്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചത് കണ്ടത്. അടുക്കളയില്‍ തന്നെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് തീ പടരാതിരുന്നത് മഹാഭാഗ്യമായി കുടുംബം കരുതുന്നു.
തീ പടര്‍ന്നിരുന്നെങ്കില്‍ ഇന്ന് ആരും ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലാണ് ലിസി ചാക്കോയുടെ മകള്‍ സോഫിയ, ഭര്‍ത്താവ് സജീഷ് ഫിലിപ്, മക്കള്‍ എന്നിവര്‍ കിടന്നിരുന്നത്. വാതില്‍ അടച്ചിരുന്നതിനാല്‍ തീയും പുകയും അകത്ത് കയറാതിരുന്നതാണ് ഭാഗ്യമായത്.
Post Your Comments