സുകന്യ കൃഷ്ണ
നമ്മൾ ഇവിടെ അമിത് ഷായുടെ ഹിന്ദി ഭാഷ പ്രസ്താവനയെയും ട്രോളി ഇരിക്കുമ്പോൾ, ആരും വലിയ ഗൗരവം കൊടുക്കാത്ത ഒരു വാർത്ത കൂടി വന്നിരുന്നു…
ഇന്ത്യൻ രൂപയുടെ ദൈനംദിന വിനിമയത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ സ്വന്തം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ മറികടന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യൻ രൂപ ട്രേഡ് ചെയ്യുന്നതിനുള്ള പ്രിയപ്പെട്ട എക്സ്ചേഞ്ച് ആയി മാറി.
സ്റ്റോക്ക് മാർക്കറ്റ് എന്നാൽ എന്തെന്നും ഫോറെക്സ് ട്രേഡ് എന്നാൽ എന്തെന്നുമൊക്കെ നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. അറിയുന്നവരിൽ ബഹിഭൂരിപക്ഷത്തിന്റെയും ധാരണ അതൊരു ചൂതാട്ടമാണ് എന്നാണ്. ഒരു രീതിയിൽ ഏറെക്കുറേ അത് ശരിയാണ് താനും.
എന്നാലും മാർക്കറ്റ് അറിഞ്ഞ് വിനിമയം നടത്താൻ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ പോലും നമുക്കില്ല എന്നത് ഒരു പോരായ്മയാണ്. ആ സാഹചര്യത്തിൽ നമ്മുടെ സ്വന്തം രാജ്യത്തിന്റെ നാണയം മറ്റൊരു രാജ്യത്ത് ഏറ്റവും കൂടുതൽ വിനിമയം നടത്തപ്പെടുന്നതിന്റെ പ്രത്യാഘാതം എന്താണ് എന്ന് പോലും നാം തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല.
ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ലണ്ടനിലും യൂക്കെയിലുമായി രൂപയുടെ ശരാശരി ദൈനംദിന വ്യാപാരം ഏപ്രിലിൽ 46.8 ബില്യൺ ഡോളറായി ഉയർന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റിയും കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് അടക്കം ബാക്കിയുള്ള പ്രാദേശിക എക്സ്ചേഞ്ചുകൾ എല്ലാം ചേർന്ന് ഇന്ത്യയിൽ വ്യാപാരം നടത്തിയത് 34.5 ബില്യൺ ഡോളർ മാത്രമാണ്. 2016ൽ വെറും 8.8 ബില്യൺ ഡോളർ മാത്രമായിരുന്നു ലണ്ടനും യൂക്കെയും ചേർന്ന് നടത്തിയിരുന്ന ഇന്ത്യൻ രൂപയുടെ ദൈനംദിന വിനിമയം. അവിടെ നിന്നും വെറും 3 വർഷത്തിനുള്ളിൽ അഞ്ച് ഇരട്ടിയിൽ അധികമാണ് യൂക്കെയിൽ ഇന്ത്യൻ രൂപയുടെ വിനിമയം വളർന്നത്.
ഇന്ത്യയിൽ ഇന്ത്യൻ രൂപ വിപണനം ചെയ്യുന്നതിൽ കൂടുതൽ മറ്റൊരു രാജ്യത്ത് വിപണനം ചെയ്യുന്ന അവസ്ഥ നമ്മുടെ കാര്യക്ഷമത ഇല്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന് വിശ്വാസമുള്ള ഒരു കറൻസിയായി നമ്മുടെ ഇന്ത്യൻ രൂപ മാറുന്നു എന്നത് എത്ര വലിയ കാര്യമാണ് എന്നത് ഇവിടുത്തെ ഭരണവർഗം ചിന്തിക്കുന്നില്ല എന്ന് തന്നെ പറയണം. അങ്ങ് റഷ്യയിലും ഉഗാണ്ടയിലുമൊക്കെ നടന്ന വിപ്ലവങ്ങളെക്കുറിച്ച് നമ്മുടെ വിദ്യാഭ്യാസ രീതി നമ്മെ പഠിപ്പിക്കുമ്പോൾ ഇത്തരം കാര്യങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം പോലും നമുക്ക് അനുവദിച്ച് തരുന്നില്ല എന്നത് എത്ര വലിയ ഒരു വിരോധാഭാസമാണ്?
മ്യൂച്വൽ ഫണ്ടുകളെ കുറിച്ചും ഇൻഷുറൻസിനെ കുറിച്ചുമൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം നമ്മുടെ രാജ്യത്തെ ചാനലുകളിൽ പരസ്യങ്ങൾ വരാറുണ്ട്. പക്ഷേ, ഇവയൊക്കെ എങ്ങനെ ട്രേഡ് ചെയ്യണം എന്ന ചെറുവിവരങ്ങളുടെ ബോധവത്കരണം പോലും നമ്മുടെ രാജ്യത്ത് സംഭവിക്കുന്നില്ല. ഇൻഷുറൻസ് എന്നാൽ ഇന്നും നമുക്ക്, “അപകടം/ആപത്ത് പറ്റുമ്പോൾ കിട്ടുന്ന പൈസ” ആയി മാത്രം ചിന്തയിൽ ഒതുങ്ങി പോകുന്നതും അതൊക്കെ കൊണ്ട് തന്നെയാണ്…
ഇന്ത്യൻ രൂപയുടെ വ്യാപാരത്തിന് എത്രത്തോളം വിപണി സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി തരുന്ന സൂചനകളാണ് ലണ്ടനിൽ നിന്നും നാസ്ഡാക്കിൽ നിന്നും ഡൗ ജോൺസിൽ നിന്നുമെല്ലാം വരുന്നത്. പക്ഷേ, നാം ആ വാർത്ത പോലും കാണുന്നില്ല, അല്ലെങ്കിൽ ഇതൊക്കെ വാർത്താ പ്രാധാന്യമുള്ള ഒരു വിവരമാണ് എന്ന് പോലും നമ്മുടെ മാധ്യമങ്ങൾ പരിഗണിക്കുന്നില്ല എന്നത് തന്നെ ഈ വിഷയത്തിലുള്ള നമ്മുടെ അജ്ഞതയുടെ ദൃഷ്ടാന്തങ്ങളാണ്.
വെറും ഡെബ്റ്റ് കറൻസിയായ ഡോളർ ആണ് ഇന്ന് ലോകം ഭരിക്കുന്നതെങ്കിലും, സാമ്പത്തികമാന്ദ്യത്തിന് ശേഷം ബെയറർ കറൻസികളിലേക്ക് ലോകത്തിന്റെ വിശ്വാസ്യത മാറി തുടങ്ങി എന്നതിന്റെ തെളിവുകൾ കൂടിയാണ് ഈ മാറ്റങ്ങൾ. ആഗോള സാമ്പത്തിക ശക്തി ആയി മാറുവാനുള്ള ശക്തമായ ഒരു അവസരം ഇന്ന് നമ്മുടെ രാജ്യത്തിന് മുന്നിൽ ഉണ്ട്.
നാം നമ്മുടെ പണം പിൻവലിക്കാനും POS ഇടപാടുകൾക്കും ഓൺലൈൻ ഇടപാടുകൾക്കുമൊക്കെ ATM എന്ന സംവിധാനത്തെ ഉപയോഗപ്പെടുത്തുമ്പോൾ, അതിൽ പോലും ഏറ്റവും വലിയ പേയ്മെന്റ്/ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡർമാർ മൂന്ന് പേർ അമേരിക്കക്കാരാണ്. ഇന്ത്യയുടെ സ്വന്തം Rupay സംവിധാനം ഉണ്ടായിട്ട് കൂടിയാണ് ആ ‘വരത്തന്മാർ’ നമ്മുടെ ബാങ്കുകൾക്ക് പ്രിയപ്പെട്ടവരായി നിലകൊള്ളുന്നത്. Rupayയെക്കാളും പതിറ്റാണ്ടുകൾ മുന്നേ നമ്മുടെ രാജ്യത്ത് എത്തി ആധിപത്യം സ്ഥാപിച്ചവരെങ്കിലും, വിസയും മാസ്റ്റർക്കാർഡും അമേരിക്കൻ എക്സ്പ്രെസ്സുമെല്ലാം വളരെ പെട്ടെന്നാണ് നമ്മുടെ സ്വന്തം UPIയുടെ മുന്നിൽ പരാജയം സമ്മതിച്ച് തുടങ്ങിയത്.
ലോകം പേപ്പർ കറൻസിയിലും പ്ലാസ്റ്റിക്ക് കറൻസിയിലുമൊക്കെയുള്ള ഇടപാടുകളെ പിന്തള്ളി ഡിജിറ്റൽ കറൻസിയിലുള്ള ഇടപാടുകളിലേക്ക് ചേക്കേറുമ്പോൾ, ലോകത്തിന് തന്നെ മാതൃകയാണ് നമ്മുടെ സ്വന്തം UPI. പക്ഷേ അതിനെപ്പോലും അന്താരാഷ്‌ട്ര തലത്തിലേക്ക് നാം ഉയർത്തുന്നില്ല എന്നത് നമ്മുടെ സാധ്യതകളെ നാം തന്നെ തള്ളിക്കളയുകയാണ് എന്നതിന്റെ ഉത്തമോദാഹരണമാണ്. ഇവയിലൊക്കെ നമ്മുടെ സ്വന്തം സംവിധാനങ്ങൾ മുന്നേറുമ്പോൾ അതോടൊപ്പം നമ്മുടെ രൂപയിലും മുന്നേറ്റം ഉണ്ടാകും എന്ന് നമ്മുടെ രാഷ്ട്രത്തലവന്മാർ ചിന്തിക്കാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ദേശീയമായി മാത്രം ചിന്തിക്കാതെ അന്തർദേശീയമായി കൂടി ചില സാഹചര്യങ്ങളിൽ ചിന്തിക്കേണ്ടതുണ്ട് എന്ന് അവർ പലപ്പോഴും മറക്കുന്നു.
ലളിതമായി പറഞ്ഞാൽ എണ്ണ വ്യാപാരത്തിനും അന്താരഷ്ട്ര ഇടപാടുകൾക്കും സ്റ്റോക്ക് വ്യാപാരത്തിനും ആസ്ഥാന കറൻസിയായി ഡോളർ ഉപയോഗിക്കപ്പെടുന്നത് എന്ന് മാറുന്നോ, അന്ന് തീരും അമേരിക്കയുടെ ആധിപത്യം. അത് അറിയുന്നത് കൊണ്ടാണ് അവർ ഇന്നും ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി തുടരുന്നതും ലോകത്തെ അവരുടെ കറൻസിയിൽ വിപണനത്തിന് പ്രോത്സാഹിപ്പിക്കുന്നതും.
Post Your Comments