
ദോഹ : പ്രവാസികള്‍ക്ക് സ്പോണ്‍സര്‍ ഇല്ലാതെ ഖത്തറില്‍ താമസിയ്ക്കാം. യാത്ര-താമസ നിയമഭേദഗതിയില്‍ മാറ്റം വരുത്തി ഖത്തര്‍ അമീര്‍. ഖത്തറില്‍ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും പൂര്‍ത്തീകരിക്കാവുന്ന പുതിയ നിയമഭേദഗതിയാണ് ഇപ്പോള്‍ അമീര്‍ പാസ്സാക്കിയിരിക്കുന്നത്. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവാസികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതി ഖത്തര്‍ അമീര്‍ പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഭൂവുടമസ്ഥാവകാശം സ്വന്തമാക്കുന്ന വിദേശികളുടെ ഖത്തറിലെ താമസാനുമതിയും യാത്രാനടപടികളും സംബന്ധിച്ച നിയമഭേദഗതിയാണ് ഇന്ന് അമീര്‍ പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സറില്ലാതെ തന്നെ ഖത്തറില്‍ താമസിക്കാം. ഇവര്‍ക്ക് രാജ്യം വിടാനും തിരിച്ചുവരാനുമൊന്നും പ്രത്യേക അനുമതിയുടെ ആവശ്യമില്ല.
ഖത്തരി പൗരന്മമാരല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളിലാണ് ഉടമസ്ഥാവകാശത്തിന് അനുമതി നല്‍കിയത്. 16 മേഖലകളിലായി 99 വര്‍ഷത്തേക്ക് റിയല്‍ എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഈ അനുമതി പുതുക്കേണ്ടതുണ്ടെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്.
Post Your Comments