കശ്മീര്‍: നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് വിനയായത് പിതാവ് ഷെയ്ഖ് അബ്ദുള്ള കൊണ്ടു വന്ന ‘നിയമമില്ലാത്ത നിയമം’ എന്ന പ്രത്യേക നിയമത്തിലൂടെ. ഈ നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ പൊതു സുരക്ഷക്ക് ഭീഷണിയാകും എന്ന് കരുതുന്നവരെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഫറൂഖ് അബ്ദുള്ളയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം.
ALSO READ: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
1978ലാണ് ഷെയ്ഖ് അബ്ദുള്ള സര്‍ക്കാര്‍ ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് കൊണ്ടുവന്നത്. രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ വ്യവസ്ഥയുള്ള ഈ നിയമത്തിലൂടെയാണ് ഫറൂഖ് അബ്ദുള്ള ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പൊതു സുരക്ഷാ നിയമപ്രകാരം തടവിലായ ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോള്‍ ജയിലാണ്. വീട്ടിലെ ഒരു മുറിയും ശുചിമുറിയും ഒഴികെയുള്ള മറ്റ് മുറികള്‍ അടച്ച്് പോലീസ് സീല്‍ ചെയ്തു. വീട്ടിലെ ഈ മുറിയും ശുചിമുറിയും മാത്രം ഉപയോഗിക്കാനാണ് ഫറൂഖ് അബ്ദുള്ളയ്ക്ക് അനുമതിയുള്ളത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയം മുതല്‍ ഫറൂഖ് അബ്ദുള്ള വീട്ടുതടങ്കലില്‍ ആയിരുന്നു. പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പോലീസ് പറഞ്ഞയച്ചു.
എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയാണ് ഫറൂഖ് അബ്ദുള്ളയെ ഹാജരാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമുള്ള അറസ്റ്റ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷം ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 പ്രഖ്യാപിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാറൂഖ് അബ്ദുള്ളയുമായി നേരില്‍ സംസാരിച്ചിരുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
1990കളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാശ്മീര്‍ താഴ്വരയില്‍ ശക്തമായ ശേഷം പോലീസും സുരക്ഷാസേനയും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതിയുയര്‍ന്നിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയിദ് 1990ല്‍ ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് എന്ന നിയമം കൊണ്ടുവന്നതോടെ പിഎസ്എയുടെ ദുരുപയോഗം കൂടി. 2012ല്‍ ഈ നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവന്നിരുന്നു. നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കി കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കി ആദ്യ തവണ ചെയ്ത കുറ്റത്തിന് തന്നെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിലിടാമെന്ന വ്യവസ്ഥ ആറ് മാസത്തേയ്ക്കാക്കി ചുരുക്കിയിരുന്നു.
Post Your Comments