
തിരുവനന്തപുരം : ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന്‍ ഐഎഎസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. കട്ടപ്പന സ്വദേശിയായ ശിവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മുമ്പ് ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിയ്ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എന്‍.ശിവന്‍ 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്തിരുന്നു.
Read Also : ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ
വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവന്‍ പരാതി നല്‍കി. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രന്‍ കെ.ബി.പ്രദീപ് ആരോപിച്ചു. തുടര്‍നടപടിക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസില്‍ വിവരാവകാശം നല്‍കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു 4 തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു
ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയതിയില്‍ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാല്‍ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments