Latest NewsKeralaNews

സ്വകാര്യാശുപത്രിയിലെ നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കാതെ കേരളം

ന്യൂഡല്‍ഹി: സ്വകാര്യാശുപത്രിയിലെ നഴ്സുമാരുടെ വേതനം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കാതെ കേരളം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടാണ് കേരളം ഇതുവരെ നടപ്പാക്കാത്തത്. നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ നവീകരിക്കാന്‍ സംസ്ഥാനങ്ങള്‍ മാര്‍ഗരേഖയോ നിയമനിര്‍മാണമോ നടത്തണമെന്ന് കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

Read Also : ഫ്‌ളക്‌സ്‌ബോര്‍ഡ് സംസ്‌കാരം പഴയ നല്ലകാലത്തെ പോലെ ചുവരെഴുത്തിലേയ്‌ക്കോ?

ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വിജ്ഞാപനമിറക്കിയെങ്കിലും അത് ജഗദീഷ് പ്രസാദ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് തുല്യമാകുന്നില്ലെന്ന് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമവും മിനിമംകൂലി നിയമവുമാണ് സംസ്ഥാനത്ത് സ്വകാര്യനഴ്സുമാര്‍ക്ക് ബാധകമായുള്ളത്. ഈ നിയമങ്ങള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒഴിച്ചുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകമാണ്.

ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ 2016 ജനുവരി 29-നാണ് സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശംനല്‍കിയത്. ഇതുപ്രകാരം നിയോഗിക്കപ്പെട്ട കമ്മിറ്റി വിശദമായ ശുപാര്‍ശകളും സമര്‍പ്പിച്ചു. അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍പ്പോലും നഴ്സുമാര്‍ക്ക് മാസം 20,000 രൂപയെങ്കിലും ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ നഴ്സുമാരുടേതിനു സമാനമായ വേതനം നല്‍കണം. നൂറിനും 200-നും ഇടയില്‍ കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍ സര്‍ക്കാര്‍ നഴ്സുമാരുടേതിനേക്കാള്‍ പത്ത് ശതമാനത്തിലേറെയും 50-നും നൂറിനുമിടയിലാണെങ്കില്‍ 25 ശതമാനത്തിലേറെയും വേതനം കുറയ്ക്കരുത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയമനിര്‍മാണം നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിലൊന്നും കേരളം നടപടിയൊന്നുമെടുത്തിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button