ചെന്നൈ: ഹോര്‍ഡിങ് ഇളകിവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. പൊതുസ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച് 2017-ല്‍ ഉത്തരവിറക്കിയിരുന്നു. ഇത് പാലിക്കാത്തതിനാലാണ് കോടതി സർക്കാരിനെ വിമർശിച്ചത്. കൂടാതെ മരണപ്പെട്ട ശുഭശ്രീയുടെ കുടുംബത്തിന് താത്കാലിക നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. ഈ തുക നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം ബോര്‍ഡുകള്‍ ഇനി എത്രപേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ ഒരു പ്രസ്താവനയെങ്കിലും പുറത്തിറക്കാന്‍ മുഖ്യമന്ത്രി തയ്യാറായോ എന്നും കോടതി ചോദിച്ചു. ശുഭശ്രീയുടെ മുകളിലേക്ക് എ.ഐ.എ.ഡി.എം.കെ.യുടെ ഹോര്‍ഡിങ് ഇളകിവീണാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍നിന്ന് താഴെവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
Post Your Comments