ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ആസ്‌ട്രേലിയയിലേക്ക് കടത്തിയ 700 വർഷം പഴക്കം ചെന്ന നടരാജ വിഗ്രഹം ഇന്ത്യയിൽ തിരിച്ചെത്തിച്ചു. തമിഴ്‌നാട് തിരുനൽവേലിയിലെ കല്ലിടയ്ക്കുറിച്ചിയില്‍ നിന്നും കാണാതായ വിഗ്രഹമാണ് തിരിച്ചെത്തിച്ചത്.പാണ്ട്യ രാജാവിന്റെ കാലത്തുള്ള രണ്ടര അടി വലിപ്പമുള്ള പഞ്ചലോഹ വിഗ്രഹത്തിന് 100 കിലോ തൂക്കമുണ്ട്. ഇന്ത്യയില്‍ തിരിച്ചെത്തിച്ച വിഗ്രഹം തമിഴ്‌നാട് പ്രത്യേക ഓഫീസര്‍ എ.ജി. പൊന്‍ മാണിക്കവേല്‍ ദല്‍ഹിയില്‍ എത്തിയാണ് വിഗ്രഹം കൈപ്പറ്റിയത്.
അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു.37 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്ന വിഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 1982 ജൂലൈ അഞ്ചിന് കല്ലിടയ്ക്കുറിച്ചി കുലശേഖരമുഡയാര്‍ അറംവളര്‍ത്ത നായകി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയതാണ് ഈ നടരാജ വിഗ്രഹം.പ്രദേശ വാസികള്‍ വലിയ ആഘോഷമായാണ് വിഗ്രഹം സ്വീകരിക്കാന്‍ സ്റ്റേഷനില്‍ എത്തിയത്.
യുഎസ്, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിപുരാതന വിഗ്രഹങ്ങളും മറ്റും മോഷ്ടിക്കപ്പെട്ട് കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യയുടേതെന്ന് കണ്ടെത്തിയിട്ടുള്ള സാധനങ്ങള്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മാണിക്കവേല്‍ അറിയിച്ചു.
Post Your Comments