ഇടുക്കി: കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലാണ് ഒന്‍പതു വയസുള്ള പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കുട്ടി പീഡനത്തിന് ഇരയായതായി സംശയമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ALSO READ: വാനരന്‍മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ നല്‍കി ഭക്തര്‍
ഗുണ്ടുമല എസ്റ്റേറ്റിലെ വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഗുണ്ടുമല എസ്റ്റേറ്റിലെ ജീവനക്കാരന്റെ മകളായിരുന്നു കുട്ടി. അമ്മ തോട്ടത്തില്‍ പണിക്ക് പോയതിനാല്‍ സംഭവ സമയത്ത് കുട്ടിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്തായിരുന്ന മുത്തശ്ശി വീട്ടിനുള്ളിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ബന്ധുവിന്റെ സഹായത്തോടെ എസ്റ്റേറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് മൂന്നാര്‍ എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുണ്ടുമലയിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഗുണ്ടുമല എസ്റ്റേറ്റ്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ സ്ഥലം സന്ദര്‍ശിച്ച് തുടരന്വേഷണത്തിനായി പതിനൊന്ന് അംഗ സംഘത്തെ നിയോഗിച്ചു. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണം സംഘത്തില്‍ ഉടുമ്പന്‍ചോല, രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളിലെ എസ്‌ഐമാരും ഉള്‍പ്പെടും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണവും പീഡനം നടന്നോ എന്ന കാര്യവും കൃത്യമായി പറയാന്‍ കഴിയുകയുളളുവെന്ന് ഇടുക്കി എസ്പി പറഞ്ഞു.
ALSO READ: കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്
Post Your Comments