ബംഗളൂരു : വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ ഇനി നടക്കാന്‍ പോകുന്നത് ഏറ്റവും നിര്‍ണായക ദൗത്യം. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ചന്ദ്രോപരിതലവും തമ്മിലുള്ള അകലം കുറച്ചുകൊണ്ട് പരീക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡറിലെ ദുര്‍ബലമായ സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിനോ അല്ലെങ്കില്‍ ചന്ദ്രോപരിതലത്തിലുള്ള വിക്രം സൂക്ഷ്മമായി പരിശോധിക്കുന്നതിനോ ചന്ദ്രയാന്‍ -2 ഓര്‍ബിറ്ററിന്റെ ഭ്രമണപഥം കുറയ്ക്കാനാണ് നീക്കം.
Read Also : ആത്മവിശ്വാസത്തോടെ ഇസ്രോ : ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ് : ആകാംക്ഷയോടെ ഇന്ത്യ
ചന്ദ്രയാന്‍ -2 ഓര്‍ബിറ്ററിന്റെ ഭ്രമണപഥം ചാന്ദ്ര ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി കുറയ്ക്കാന്‍ ഇസ്രോ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രോയുടെ പദ്ധതി എന്താണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലാന്‍ഡറില്‍ നിന്നുള്ള ശക്തി കുറഞ്ഞ സിഗ്‌നലുകള്‍ ഓര്‍ബിറ്ററിനു പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇതോടൊപ്പം ലാന്‍ഡറിന്റെ അകലം കുറച്ചും കൂടെ വ്യക്തമായ ചിത്രം പകര്‍ത്താനും ഇതുവഴി സാധിക്കും.
ഓര്‍ബിറ്ററിന്റെ ഭ്രമണപഥം താഴ്ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓര്‍ബിറ്ററിലെ എന്‍ജിന്‍ ജ്വലിപ്പിക്കേണ്ടതുണ്ട്. ഇതു ചെലവേറിയ കാര്യമാണ്. ഏഴു വര്‍ഷം ചന്ദ്രനു ചുറ്റും കറങ്ങേണ്ട ഓര്‍ബിറ്ററിനെ തുടര്‍ന്നും നിരവധി തവണ ഭ്രമണപഥം മാറ്റേണ്ടിവരും. ഇതിനെല്ലാം എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുമെന്നും മുന്‍ ബഹിരാകാശ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിനാണ് ചന്ദ്രോപരിതലത്തില്‍ വിക്രമിനെ കണ്ടെത്തിയതായി ഇസ്റോ അറിയിച്ചത്. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചതായും തകര്‍ന്നിട്ടില്ലെന്നുമാണ് നിഗമനം. ഓര്‍ബിറ്റര്‍ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകള്‍), ‘വിക്രം’ (1,471 കിലോഗ്രാം, നാല് പേലോഡുകള്‍), ‘പ്രജ്ഞാന്‍’ (27 കിലോഗ്രാം, രണ്ട് പേലോഡുകള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാന്‍ -2 ബഹിരാകാശ പേടകം.
Post Your Comments