വാഷിംഗ്ടണ്‍: സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്മാറിയ അമേരിക്കയെ ഭീഷണിപ്പെടുത്തി താലിബാൻ. ഈ നടപടി മൂലം അമേരിക്കക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് താലിബാന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ അമേരിക്കാരുടെ ജീവന് നഷ്ടങ്ങളുണ്ടാകുമെന്നാണ് താലിബാന് ഭീഷണി.സമാധാന കരാര്‍ പ്രഖ്യാപിക്കാനും ഒപ്പുവയ്ക്കാനും തയാറെടുക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറില്‍നിന്നും പിന്മാറിയതായി പ്രഖ്യാപിക്കുന്നത്. ഇത് അമേരിക്കയ്ക്കു കനത്ത നഷ്ടമുണ്ടാക്കുമെന്ന് താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അമേരിക്ക പിന്മാറിയെന്നാണ് താലിബാന് ആരോപിക്കുന്നത്.അമേരിക്കയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണിത്. അമേരിക്കയുടെ സമാധാന വിരുദ്ധ നിലപാട് ഇതോടെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടും. അവരുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നഷ്ടം വര്‍ധിക്കുകയും ചെയ്യുമെന്ന് താലിബാന് ഭീഷണി മുഴക്കി. യുദ്ധത്തിനു പകരം ചര്‍ച്ചയുടെ മാര്‍ഗം സ്വീകരിച്ചാല്‍ പ്രതിജ്ഞാബദ്ധരായി തങ്ങള്‍ തുടരും. എന്നാല്‍ രാജ്യത്തിന്റെ വിദേശ അധിനിവേശം അവസാനിക്കുന്നതുവരെ തങ്ങള്‍ തൃപ്തരാകില്ലെന്നും താലിബാന് പ്രസ്താവനയില്‍ പറയുന്നു.
എന്നാൽ കാബൂളില്‍ താലിബാന് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന് ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താലിബാ നുമായുള്ള രഹസ്യ സമാധാന ചര്‍ച്ചകളില്‍നിന്ന് അമേരിക്ക പിന്മാറിയത്. ആക്രമണങ്ങളും ചര്‍ച്ചയും ഒത്തുപോകില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഞായറാഴ്ച ക്യാമ്പ് ഡേവിഡിലാണു താലിബാന് നേതാക്കളുമായി സമാധാന ചര്‍ച്ചകള്‍ക്കു വേദി നിശ്ചയിച്ചിരുന്നത്.താലിബാനു പുറമേ അഫ്ഗാന് പ്രസിഡന്റുമായും അമേരിക്ക ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു.
അഫ്ഗാനില്‍നിന്ന് അമേരിക്ക സൈനികരെ പിന്‍വലിക്കും, താലിബാന് ഭീകരത അവസാനിപ്പിക്കണം എന്നായിരുന്നു ഉടമ്പടി. എന്നാല്‍ കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തതോടെ അമേരിക്ക തീരുമാനത്തില്‍നിന്നു പിന്‍വലിയുകയായിരുന്നു.
Post Your Comments