തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ രോഗിക്കു വേണ്ടി വാങ്ങിയ പതിനായിരത്തിലധികം രൂപ വിലയുള്ള മരുന്ന് ബന്ധുക്കളറിയാതെ മെഡിക്കൽ സ്റ്റോറിൽ തിരികെ നൽകി പണം തട്ടിയ മെയിൽ നഴ്സുമാരെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ആയിരക്കുഴി സ്വദേശി വൈ.ആർ.ഷമീർ(29) , ഊരുട്ടമ്പലം മണ്ണടിക്കോണം സ്വദേശി ബിവിൻ എസ്. ലാൽ (33) എന്നിവരെയാണ് മെഡിക്കൽകോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയുംതുടർന്നു സസ്പെൻഡ് ചെയ്തു. ഇവരോ സുഹൃത്തുക്കളോ നേരത്തേ ഇത്തരം തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കു വേണ്ടി ആശുപത്രി ജീവനക്കാരുടെ നിർദേശ പ്രകാരം ബന്ധുക്കൾ മരുന്നു വാങ്ങി നൽകി. ഈ മരുന്ന് വാങ്ങിയ മെഡിക്കൽ സ്റ്റോറിൽ മടക്കി നൽകിയ ശേഷം ജീവനക്കാർ പണം തിരികെ വാങ്ങിയെന്നാണു കേസ്. സംഭവം അറിഞ്ഞ ബന്ധുക്കൾ സൂപ്രണ്ടിന് പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്യുകയായിരുന്നു.ഷമീർ മൂന്നു വർഷമായി സ്റ്റാഫ് നഴ്സായും വിപിൻ നഴ്സായും ജോലി നോക്കുകയാണെന്നു പൊലീസ് അറിയിച്ചു. മെഡിക്കൽ .സ്റ്റോറിൽ പണം വാങ്ങാൻ എത്തിയ ഇവരുടെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്.
ബൈക്കിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന കാട്ടായിക്കോണം സ്വദേശി ബേബി (50)ക്കായി വാങ്ങിയ മരുന്നുകളാണ് ഉപയോഗിക്കാതെ മെഡിക്കൽ സ്റ്റോറിൽ തിരികെ നൽകി ജീവനക്കാർ പണം തട്ടിയത്. ശസ്ത്രക്രിയ കഴിഞ്ഞ ബേബിക്ക് കുത്തിവയ്പ്പിനായി പുറത്ത് നിന്നുള്ള മരുന്നു വാങ്ങി വരണമെന്നു ഇവർ ആവശ്യപ്പെട്ടു. മരുന്നു ശരിയാണോയെന്നു ഉറപ്പിക്കാനായി ബില്ലും നൽകണമെന്നു അറിയിച്ചു. ഇതോടെ ബിൽ ഉൾപ്പെടെ ബന്ധുക്കൾ ജീവനക്കാർക്ക് കൈമാറി. ഡ്യൂപ്ലിക്കേറ്റ് ബില്ലിനായി ബന്ധുക്കൾ മെഡിക്കൽ സ്റ്റോറിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
അൽപനേരം മുൻപ് രണ്ടു പേർ ബില്ലും മരുന്നുമായി വന്ന് പണം വാങ്ങി പോയതായി മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ അറിയിച്ചു.ഇതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പ് വിവരം വെള്ളിയാഴ്ച രാത്രിയോടെ പുറത്തറിഞ്ഞതോടെ ഇന്നലെ രാവിലെ പ്രതികൾ ‘ഒത്തുതീർപ്പിനായി’ തന്നെ സമീപിച്ചതായി തട്ടിപ്പിനിരയായ കാട്ടായിക്കോണം സ്വദേശി ബേബിയുടെ മകൻ. പണം തിരികെ നൽകാമെന്നും പ്രശ്നമാക്കരുതെന്നുമായിരുന്നു ഇവരുടെ അഭ്യർഥന. വിപിനെ കാണാനായി ഇവർ ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെത്തിയിരുന്നു.
പിഎസ്‍സി വഴി ജോലിക്ക് കയറിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും ഇവർ വിപിനോട് പറഞ്ഞത്രേ. കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ച് വിപിൻ പറയുന്നതിങ്ങനെ.ശസ്ത്രക്രിയ കഴിഞ്ഞ് തിയറ്ററിനു പുറത്തു നിന്ന എന്റെ കയ്യിൽ പ്രതികളിലൊരാൾ ഒരു വെള്ളപ്പേപ്പറിൽ മരുന്നിന്റെ കുറിപ്പ് എഴുതി നൽകി. അത്യാവശ്യമാണ്, ഉടൻ വാങ്ങണമെന്ന് പറഞ്ഞു. 10,000 രൂപയ്ക്കു മുകളിലായിരുന്നു ബിൽ. കയ്യിലൊട്ടും പണമുണ്ടായിരുന്നില്ല. ആ സമയത്ത് ഞാനനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ. മെഡിക്കൽ സ്റ്റോറിൽ എന്റെ മൊബൈൽ ഫോണും ആധാർ കാർഡും പണം വച്ചിട്ടാണ് മരുന്ന് വാങ്ങിയത്.
ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്ന് പണമെത്തിക്കാമെന്ന ഉറപ്പോടെ. അധികം വൈകാതെ സുഹൃത്തുക്കളുടെ സഹായത്തോടെ പണം മെഡിക്കൽ സ്റ്റോറിൽ കൊടുത്തു. മരുന്ന് ഇതേ സ്റ്റാഫ് വന്ന് വാങ്ങി. മാച്ച് ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ബിൽ കൂടി തരണമെന്നു പറഞ്ഞു.ശരിയായിരിക്കുമെന്നോർത്ത് ഞാൻ കൊടുത്തു. ഇത്രയും വലിയ തുകയുടെ മരുന്ന് വാങ്ങിയതിന് ഒരു തെളിവുമില്ലാതാകുമല്ലോ എന്ന ബന്ധുക്കൾ പറഞ്ഞതുപ്രകാരം ഞങ്ങൾ ഡ്യൂപ്ലിക്കേറ്റ് ബില്ലിനായി കടയിലെത്തിയപ്പോഴാണ് ഇവർ മരുന്നും ഒറിജിനൽ ബില്ലും തിരികെ നൽകി വഞ്ചിച്ചതറിഞ്ഞത്.പൈസ നഷ്ടപ്പെട്ടതല്ല, അമ്മയുടെ ഓപ്പറേഷൻ സമയത്ത് എന്നെക്കൊണ്ടിവർ തീതീറ്റിച്ചതിലാണ് വേദന”.
Post Your Comments