ന്യൂഡല്‍ഹി: ഭൂരിപക്ഷം കശ്മീരികളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാനെ തടയുന്നതിനാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അജിത് ഡോവല്‍ പറഞ്ഞു. പാക്കിസ്ഥാന്റെ പെരുമാറ്റം ഏതു വിധത്തിലാണെന്നതിന് അനുസരിച്ചായിരിക്കും ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം കശ്മീരികളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണെന്ന് ബോധ്യംവന്നിട്ടുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്’ അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍. ചില നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കം ചെയ്തുകഴിഞ്ഞു. 199 പോലീസ് ജില്ലകളില്‍ 10 ജില്ലകളില്‍ മാത്രമാണ് നിലവില്‍ നിരോധനാജ്ഞ നിലവിലുള്ളത്. എല്ലാ മേഖലകളിലും ലാന്‍ഡ് ലൈന്‍ ബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞുവെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത് പ്രതിരോധ നടപടിയുടെ ഭാഗമായാണെന്ന് ഡോവല്‍ പറഞ്ഞു. നിയമപ്രകാരമാണ് കരുതല്‍ തടങ്കല്‍.
കരുതല്‍ തടങ്കലിലാക്കിയ നേതാക്കളെക്കുറിച്ച് കോടതികളോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നിയമം മറികടന്ന് എന്തെങ്കിലും ചെയ്താല്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ബാക്കി പ്രചരിക്കുന്നതെല്ലാം വ്യാജമാണെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ ഭൂരിപക്ഷം കശ്മീരികളും പിന്തുണയ്ക്കുന്നു. ചെറുന്യുനപക്ഷം മാത്രമാണ് നടപടിയെ എതിര്‍ക്കുന്നത്. കശ്മീരിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്. അതിനായി അവര്‍ തീവ്രവാദികളെ കശ്മീരിലേക്ക് ഇറക്കിയിട്ടുണ്ടെന്നും ഡോവല്‍ പറഞ്ഞു.
കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് ഡോവല്‍ പറഞ്ഞു. കശ്മീര്‍ ജനതയ്ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടിയാണ് സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരിക്കുന്നതെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു. .’പാക്കിസ്ഥാന് തീവ്രവാദികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കാതിരിക്കുകയും, പാക്കിസ്ഥാന്റെ മൊബൈല്‍ ടവറുകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് നിര്‍ത്തുകയും ചെയ്യണം. അങ്ങനെയാണെങ്കില്‍ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകും. അതോടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവും’,അജിത് ഡോവല്‍ വ്യക്തമാക്കി.
Post Your Comments