Latest NewsKeralaIndia

കെഎസ്‌യു ജയിക്കാതിരിക്കാന്‍ വോട്ട് വിഴുങ്ങി എസ്‌എഫ്‌ഐ നേതാവ്: തൃശൂര്‍ ലോ കോളജിൽ നാടകീയ രംഗങ്ങൾ

ചെയര്‍മാന്‍ സ്ഥാനം തിരിച്ചു പിടിച്ചതുള്‍പ്പെടെ ബാക്കി സീറ്റുകളെല്ലാം എസ്‌എഫ്‌ഐ തൂത്തുവാരി.

തൃശൂര്‍: കെ‌എസ്‌യു സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക് വിജയിക്കാന്‍‍ പോകുന്നുവെന്നറിഞ്ഞ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി തൃശൂര്‍ ലോ കോളജിലെ എസ്‌എഫ്‌ഐ നേതാവ്. വോട്ടു വിഴുങ്ങലിനെത്തുടര്‍ന്ന് കെ‌എസ്‌യു-എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കവും സംഘര്‍ഷവും പരിഹരിക്കാന്‍ എംഎല്‍എ വരേണ്ടി വന്നു. വോട്ട് വിഴുങ്ങിയിട്ടും കെ‌എസ്‌യു സ്ഥാനാര്‍ഥി തന്നെ വിജയിച്ചു. കെഎസ്‌യുവിന് ലഭിച്ചത് ഈ സീറ്റ് മാത്രമായിരന്നു.എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം തിരിച്ചു പിടിച്ചതുള്‍പ്പെടെ ബാക്കി സീറ്റുകളെല്ലാം എസ്‌എഫ്‌ഐ തൂത്തുവാരി.

ലോ കോളജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരമാണ് വിഴുങ്ങലില്‍ കലാശിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയായ അപ്പു അജിത്തായിരുന്നു കെഎസ്‌യു സ്ഥാനാര്‍ത്ഥി. വോട്ടെണ്ണലിന്റെ അവസാന നിമിഷം ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്നറിഞ്ഞ എസ്‌എഫ്‌ഐ വോട്ടിങ് ഏജന്റ് കൂടിയായ വിദ്യാര്‍ത്ഥി പെട്ടെന്ന് നാലു വോട്ടുകളെടുത്ത് വായിലിടുകയായിരുന്നു.

തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെയാണ് വി.ടി.ബല്‍റാം എംഎല്‍എ ഇടപെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. വോട്ടെണ്ണല്‍ അട്ടിമറിക്കാനാണ് എസ്‌എഫ്‌ഐ ശ്രമിച്ചതെന്നും പല വോട്ടുകളും നശിപ്പിച്ചിട്ടുണ്ടെന്നും കെഎസ്‌യു ആരോപിച്ചു.

shortlink

Post Your Comments


Back to top button