
അഡ്വ. എ ജയശങ്കര്‍
പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ. സിപിഐ(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും.
രണ്ടു വർഷം മുമ്പ് ഒരു ജനകീയ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച സഖാവ് ക്രിമിനൽ കേസിൽ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലിൽ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ആ കേസ് തീർന്നിട്ടില്ല പക്ഷേ പാർട്ടി നടത്തിയ അന്വേഷണത്തിൽ സക്കീറിൻ്റെ നിരപരാധിത്വം തെളിഞ്ഞു, വീണ്ടും ഏരിയ സെക്രട്ടറിയായി ചുമതലയേറ്റു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്ഐയെ സക്കീർ സഖാവ് ഫോണിൽ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം “ഞാൻ നിഷ്പക്ഷമായേ പെരുമാറൂ” എന്ന് ശഠിച്ചത് ധിക്കാരം. “ടെസ്റ്റ് എഴുതി പാസായതാണ്” എന്ന് പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ സഖാക്കളെ അപകീർത്തിപ്പെടുത്തിയ പരാമർശം. പാർട്ടി ഏരിയാ സെക്രട്ടറിയുമായുളള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം.
ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാർട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയിൽ വേണ്ട. കളമശേരി സബ് ഇൻസ്‌പെക്ടർക്ക് 24 മണിക്കൂറിനകം സസ്‌പെൻഷൻ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസൽ ഓഡറും തേടിവരും.
സൂചനയാണിത് സൂചന മാത്രം..
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2219287371534310/
Post Your Comments